വാഴൂര്‍ റോഡ് കൊച്ചുറോഡില്‍ വഴിയോര വിശ്രമകേന്ദ്രം പൂര്‍ത്തിയായി
1510978
Tuesday, February 4, 2025 3:03 AM IST
മാമ്മൂട്: വാഴൂര്‍ റോഡില്‍ മാമ്മൂടിനും കൊച്ചുറോഡിനുമിടയില് മാടപ്പള്ളി പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം തുറക്കുന്നു. നാലുവര്‍ഷംകൊണ്ടാണ് റോഡരികിലെ ഈ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിച്ചത്.
കെട്ടിടത്തിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ഉയര്ത്തിക്കെട്ടുന്നതുള്പ്പെടെയുള്ള തടസങ്ങള്‍ കെട്ടിടനിര്‍മാണത്തെ ബാധിച്ചിരുന്നു. യാത്രക്കാര്‍ക്ക് വിശ്രമം, ശുചിമുറി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ വിശ്രമകേന്ദ്രത്തില്‍ ലഭ്യമാണ്.
മാടപ്പള്ളി പഞ്ചായത്ത് 25ലക്ഷം രൂപ മുടക്കിയാണ് വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശുചിമുറികള്‍, അമ്മമാര്‍ക്ക് മുലയൂട്ടലിനുള്ള സൗകര്യം, ലഘുഭക്ഷണശാല തുടങ്ങിയവ ക്രമീകരിച്ചിച്ചുണ്ട്.
ദീര്‍ഘദൂര വാഹന സഞ്ചാരികള്‍ ഉള്‍പ്പെടെ വാഹന യാത്രക്കാര്‍ക്ക് ഈ വിശ്രമകേന്ദ്രം ഉപകരിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കാണ് നടത്തിപ്പു ചുമതല. ഈ മാസം പകുതിയോടെ വിശ്രമകേന്ദ്രം തുറക്കാനാണ് മാടപ്പള്ളി പഞ്ചായത്ത് ആലോചിക്കുന്നത്.
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ അഴിമതിയെന്ന് യൂത്ത്കോണ്‍ഗ്രസ്
മാമ്മൂട്: മാടപ്പള്ളി പഞ്ചായത്ത് കൊച്ചുറോഡില്‍ നിര്‍മിച്ചിരിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ വന്‍ അഴിമതി ഉണ്ടെന്നു യൂത്ത് കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. 25ലക്ഷത്തില്‍പരം രൂപ ചെലവാക്കിയാണ് വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചതെന്നത് അന്വേഷണ വിധേയമാക്കണമെന്നും യൂത്ത്കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിജിലന്‍സിലടക്കം പരാതി നല്കുമെന്നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് നിധീഷ് കൊച്ചേരി അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെംബര്‍ ആന്റണി കുന്നുംപുറം ഉദ്ഘടനം ചെയ്തു.