സ്കൂട്ടർ തട്ടിപ്പ്: പണം തിരിച്ചു നൽകുമെന്നു വാഗ്ദാനം
1511146
Tuesday, February 4, 2025 11:52 PM IST
എരുമേലി: പകുതി വിലയിൽ പുതിയ സ്കൂട്ടറിന് പണം കൊടുത്ത എരുമേലി സ്വദേശികൾക്ക് പണം തിരിച്ചു നൽകാമെന്ന് ഇടനിലക്കാർ വഴി വാഗ്ദാനം. തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ മുഖ്യ പ്രതി ജാമ്യത്തിൽ ഇറങ്ങിയാൽ ഇയാൾ ഒപ്പിട്ട് സൊസൈറ്റിയുടെ അക്കൗണ്ടിൽനിന്നു പണം തിരിച്ചു നൽകാൻ കഴിയുമെന്നും പണം വേണ്ടാത്തവർക്ക് സ്കൂട്ടർ നൽകാമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
എരുമേലി മേഖലയിൽ മാത്രം 120 ഓളം പേർ ഒരു സ്കൂട്ടറിന് 60,000 രൂപ പ്രകാരം പണം അടച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോരുത്തരിൽനിന്നു 300 രൂപ രജിസ്ട്രേഷൻ ഇനത്തിലും 500 രൂപ നോട്ടറി അറ്റസ്റ്റേഷൻ ഫീസ് ഇനത്തിലും വാങ്ങിയിരുന്നു. 200 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ എഴുതിയാണ് പുതിയ സ്കൂട്ടർ പകുതി വിലയിൽ നൽകുന്നതിന് ഓരോരുത്തരും ഒപ്പിട്ട് നൽകിയത്. 60,000 രൂപ നൽകി കരാർ വച്ച് നൂറു പ്രവൃത്തിദിനങ്ങൾ പൂർത്തിയാകുമ്പോഴാണ് സ്കൂട്ടർ നൽകുകയെന്ന് ഉറപ്പ് നൽകിയിരുന്നു.
ഇതുപ്രകാരം നൂറു പ്രവൃത്തി ദിനങ്ങൾ കഴിഞ്ഞ വർഷം ഡിസംബർ 30നാണ് മിക്കവരുടെയും പൂർത്തിയായത്. തുടർന്ന് സ്കൂട്ടർ ലഭിക്കാൻ ബന്ധപ്പെട്ടപ്പോൾ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അവിടെ വച്ച് സ്കൂട്ടറുകൾ എല്ലാവർക്കും നൽകുമെന്നും അതുവരെ കാത്തിരിക്കാനുമാണ് അറിയിച്ചത്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പദ്ധതിയുടെ പ്രധാന ചുമതലക്കാരനായ തൊടുപുഴ കുടയത്തൂര് കോളപ്ര ചൂരകുളങ്ങര വീട്ടില് അനന്ദു കൃഷ്ണൻ (26) പിടിയിലായത്. അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട മുഖ്യ പ്രതി ജാമ്യത്തിൽ ഇറങ്ങുന്നതുവരെ സാവകാശം വേണമെന്നാണ് പണം നഷ്ടപ്പെട്ടവരോടു സംസാരിച്ച ഇടനിലക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേരെ അംഗങ്ങളായി ചേർത്ത് പണം അടപ്പിച്ച മുൻ പഞ്ചായത്ത് അംഗത്തിനെതിരേ പരാതിയുമായി പലരും വന്നതോടെയാണ് പണം തിരിച്ചു നൽകാമെന്ന് വാഗ്ദാനമുണ്ടായത്.
കേസിന് പോയാൽ പണം കിട്ടാൻ നിയമ നടപടികൾ മൂലം കാലതാമസമുണ്ടാകുമെന്നും കേസ് നൽകാതിരുന്നാൽ പ്രതിയ്ക്ക് ജാമ്യം കിട്ടാൻ എളുപ്പമാകുമെന്നും ഇടനിലക്കാർ അറിയിച്ചിരിക്കുന്നത്. അഭിഭാഷകൻ ഉൾപ്പെട്ട ഇടനിലക്കാരാണ് വാഗ്ദാനം നൽകി ഒത്തുതീർപ്പിന് ഇടപെട്ടിരിക്കുന്നത്. സ്കൂൾ ബാഗ്, ലാപ് ടോപ്, തയ്യൽ മെഷീൻ ഉൾപ്പടെ വിവിധ സാധനങ്ങൾ പകുതി വിലയ്ക്ക് നേരത്തെ ലഭിച്ചത് പോലെ സ്കൂട്ടർ ലഭിക്കുമെന്നും ഇപ്പോഴുള്ള നിയമപ്രശ്നങ്ങൾ കഴിയുന്നതുവരെ കാത്തിരിക്കണമെന്നുമാണ് ഇടനില സംഘം അറിയിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് പരാതി നൽകാൻ മിക്കവരും തയാറായിട്ടില്ല. സംഭവത്തിൽ ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് എരുമേലി പോലീസ് പറഞ്ഞു.