നദികളിൽ വെള്ളം വറ്റുന്നു; മണിമലയാർ മലിനയാറാകുന്നു
1511096
Tuesday, February 4, 2025 10:29 PM IST
എരുമേലി: നദികളിൽ വെള്ളം വറ്റുന്നു, മണിമലയാർ മലിനയാറാകുന്നു. മണിമലയാറിലും പമ്പ, അഴുത നദികളിലും വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണ്. നദികളിൽ നേരിട്ടു സൂര്യതാപമേൽക്കുന്ന ഭാഗങ്ങളിൽ ഉച്ചസമയത്ത് തിളച്ച നിലയിലാണ് വെള്ളത്തിന്റെ ചൂട്. ഇതു വലിയ തോതിൽ രോഗങ്ങൾ പടർത്തിയേക്കുമെന്ന് ആശങ്കയുണ്ട്. ഈ നദികളിൽ വലിയ തോതിൽ മലിനജലം കെട്ടിക്കിടക്കുകയാണ്.
ചൂടേറിയ മലിനജലം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടയ്ക്ക് പെയ്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ നദികളിൽ ഒഴുകിപ്പോകാതെ കുമിഞ്ഞുകൂടിയത് മലിനീകരണം വ്യാപകമാക്കി.
എരുമേലിയിലെ തോടുകളിൽനിന്നുള്ള മാലിന്യങ്ങളാണ് കൊരട്ടി പാലത്തിന്റെ താഴെ മണിമലയാറിൽ ചേരുന്നത്. വൻ തോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ എരുമേലിയിൽ തോട്ടിലെ വെള്ളത്തിൽ കെട്ടിക്കിടക്കുന്നതു മണിമലയാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാലിന്യങ്ങളാണ് കരിമ്പുകയം കുടിവെള്ള പദ്ധതിയിൽ കലരുന്നത്. ഇവിടെ നടക്കുന്ന ശുചീകരണം ശാസ്ത്രീയമല്ല. ഇവിടെനിന്നു നീക്കിയ മാലിന്യങ്ങൾ തോട്ടിൽതന്നെ ഉപേക്ഷിക്കുകയാണ്.