ആകാശവിസ്മയങ്ങള്‍ കാണാം : അസംപ്ഷനില്‍ ഇന്ന് വാനനിരീക്ഷണ ശില്പശാല
1511427
Wednesday, February 5, 2025 7:25 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജ് ഫിസിക്സ് വകുപ്പ്, ദേശീയ ശാസ്ത്രദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വാന നിരീക്ഷണ ശില്പശാല സംഘടിപ്പിക്കും. കുസാറ്റിന്റെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ കേരള ലെഗസി ഓഫ് ആസ്ട്രോണമി ആന്‍ഡ് മാത്തമാറ്റിക്സുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കൊച്ചിന് യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ അഡ്ജങ്ക്റ്റ് ഫാക്കല്‍റ്റിയുമായ ഡോ. എന്‍. ഷാജി, കുസാറ്റ് സീനിയര്‍ റിസര്‍ച്ച് ഫെലോ ടി.എം. മനോഷ് എന്നിവര്‍ നേതൃത്വം നല്‍കും.
ഫെബ്രുവരി മാസമൊട്ടാകെ നക്ഷത്ര നിരീക്ഷകരുടെ പ്രധാന ആകര്‍ഷണങ്ങളായ ബുധന്‍, ശുക്രന്, ചൊവ്വ, വ്യാഴം, ശനി എന്നിവയടക്കമുള്ള പ്രഭാപൂര്‍ണമായ ഗ്രഹങ്ങളുടെ അപൂര്‍വ സാന്നിധ്യവും യുറാനസ്, നെപ്റ്റ്യൂണ്‍ എന്നിവയുടെ ദര്‍ശനവും അദ്ഭുതകരമായ ആകാശക്കാഴ്ചയായി മാറുന്നു. കുസാറ്റില്‍നിന്ന് കൊണ്ടുവരുന്ന ടെലസ്കോപ്പുകള്‍ വഴി ഗ്രഹങ്ങളെയും അവയുടെ ഉപഗ്രഹങ്ങളെയും അടുത്തറിയാന്‍ അവസരം ലഭിക്കും. നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും കാണിച്ചുകൊണ്ട് വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ നല്‍കും.
വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ശില്പശാലയില് രാത്രികാല ആകാശ നിരീക്ഷണം എന്ന വിഷയത്തില്‍ ഡോ. എന്‍. ഷാജിയുടെ പ്രത്യേക ക്ലാസും ഉള്‍പ്പെടുന്നു. പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്ന ഈ പരിപാടി ആകാശ വിസ്മയങ്ങളിലേക്ക് പുതിയ വാതില്‍ തുറക്കും.