പാലാ നഗരസഭയിലെ അവിശ്വാസപ്രമേയം 14ന് ചര്‍ച്ചയ്ക്കെടുക്കും
1510873
Monday, February 3, 2025 11:38 PM IST
പാലാ: പാലാ നഗരസഭാധ്യക്ഷന്‍ ഷാജു വി. തുരുത്തേലിനെതിരേ പ്രതിപക്ഷാംഗങ്ങള്‍ ഒന്‍പതു പേര് ഒപ്പിട്ട അവിശ്വാസപ്രമേയം 14നു രാവിലെ 11നു ചര്‍ച്ചയ്ക്കെടുക്കും. അധ്യക്ഷസ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-എമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കം.
അവസാന രണ്ടു വര്‍ഷക്കാലം നഗരസഭാധ്യക്ഷ സ്ഥാനം പാര്‍ട്ടി നേതൃത്വം ഉറപ്പുതന്നിരുന്നതായും തനിക്ക് അര്‍ഹതയുള്ള തത്സ്ഥാനം രാജി വയ്ക്കില്ലെന്നുമുള്ള നിലപാടിലാണ് നഗരസഭാധ്യക്ഷന്‍ ഷാജു വി. തുരുത്തേൽ. എന്നാല്‍ ഇതുസംബന്ധിച്ച് എഗ്രിമെന്റുള്ളതായി കൗണ്‍സിലര്‍ തോമസ് പീറ്റര്‍ അവകാശപ്പെട്ടു. അവസാന എട്ടു മാസക്കാലം നഗരസഭാധ്യക്ഷസ്ഥാനം പാര്‍ട്ടി നേതൃത്വം ഉറപ്പു നല്‍കിയിരുന്നതായും മുന്‍ ധാരണ അനുസരിച്ച് ഷാജു തുരുത്തേൽ ഇന്നലെ നഗരസഭാധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
രാജിക്ക് തയാറാവാത്ത സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുമെന്നാണ് സൂചന. തോമസ് പീറ്ററിന് അധ്യക്ഷസ്ഥാനം നല്‍കാമെന്ന ധാരണ ഉണ്ടായിരുന്നതായി കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് പ്രഫ.ലോപ്പസ് മാത്യുവും പാര്‍ട്ടി പ്രാദേശിക നേതൃത്വവും പറഞ്ഞു.
ചെയര്മാന് രാജി വയ്ക്കണമോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പ്രാദേശിക നേതാക്കന്മാരും അഭിപ്രായപ്പെട്ടു. പാര്‍ട്ടി നേതൃത്വം ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.