നീരൊഴുക്കു നിലച്ച് മലിനമായ കരിയാറിനെ ഒഴുക്കാൻ പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്
1511415
Wednesday, February 5, 2025 7:14 AM IST
വൈക്കം: വർഷങ്ങളായി പുല്ലും പായലും വളർന്ന് തിങ്ങി ഒഴുക്കുനിലച്ച് മാലിന്യവാഹിനിയായി മാറിയ കരിയാറിനെ വീണ്ടെടുക്കാൻ പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്.
നീരൊഴുക്ക് പൂർണമായി നിലച്ച കരിയാറിലെ വല്യാനപ്പുഴഭാഗമാണ് ബ്ലോക്ക് പഞ്ചായത്ത് ആഴം കൂട്ടി വൃത്തിയാക്കുന്നത്. ചീഞ്ഞളിയുന്ന മാലിന്യങ്ങളുടെ ദുർഗന്ധവും വിഷപ്പാമ്പുകൾ ഉയർത്തുന്ന ഭീഷണിയും പ്രദേശവാസികളുടെ ജീവിതവും ദുരിത പൂർണമാക്കുന്നു.
മത്സ്യ സമൃദ്ധമായ കരിയാർ നാശോന്മുഖമായതോടെ കരിയാറിൽ മത്സ്യസമ്പത്തിന്റെ ലഭ്യതയിലും ഗണ്യമായ കുറവുണ്ടായി. പ്രദേശത്തെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതോടൊപ്പം വിനോദ സഞ്ചാര സാധ്യതകൾ വർധിപ്പിക്കാനുമാണ് കരിയാർ ശുചീകരണത്തിലൂടെ ബ്ലോക്ക്പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പത്ത് ലക്ഷം രൂപ വിനിയോഗിച്ചു നടത്തുന്ന പ്രവർത്തനങ്ങൾക്ക് മേജർ ഇറിഗേഷൻ അംഗീകാരം നൽകി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് പ്രസിഡന്റ് എസ്. ബിജു അറിയിച്ചു.