സിഡിഎസ് തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർഥിയെ സിപിഐയുടെ റിബൽ സ്ഥാനാർഥി പരാജയപ്പെടുത്തി
1511420
Wednesday, February 5, 2025 7:25 AM IST
വൈക്കം: തലയാഴത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഒദ്യോഗിക സ്ഥാനാർഥിയെ സിപിഐ റിബൽ പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഏതാനും സിഡിഎസ് അംഗങ്ങളുടെ വോട്ട് ലഭിച്ചതോടെയാണ് സിപിഐയുടെ തലയാഴം സൗത്ത് സെക്രട്ടറിയായിരുന്ന പി.ആർ. രജനി റിബലായി മത്സരിച്ച അൽഫോൻസയോട് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ അൽഫോൻസയ്ക്ക് ഒന്പത് വോട്ടും പി.ആർ. രജനിക്ക് ആറ് വോട്ടും ലഭിച്ചു.
സിഡിഎസിൽ ആദ്യത്തെ ഒന്നര വർഷക്കാലം സിപിഎമ്മിനും തുടർന്നുള്ള ഒന്നര വർഷക്കാലം സിപിഐക്കും അധ്യക്ഷ സ്ഥാനമെന്നായിരുന്നു ധാരണ. ഈ ധാരണ പ്രകാരം ആദ്യത്തെ ഒന്നര വർഷക്കാലം സിപിഎം അംഗം ചെയർപേഴ്സണായി പ്രവർത്തിച്ചു. സിപിഎം അംഗത്തിന്റെ കാലാവധി തീർന്ന സമയം സാങ്കേതികമായ തടസങ്ങൾ മൂലം താത്ക്കാലിക ചെയർപേഴ്സണായി അൽഫോൻസ ചുമതലയേറ്റു.
പിന്നീട് സാങ്കേതിക തടസങ്ങൾ ഒഴിവായതിനെ തുടർന്നാണ് തിങ്കളാഴ്ച വീണ്ടും സിഡിഎസ് ചെയർപേഴ്ൺ തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുന്നപ്പുഴി വാർഡിലെ സിപിഎം സ്ഥാനാർഥിയുടെ പരാജയത്തിന് പി.ആർ. രജനിയുടെ പ്രവർത്തനവും കാരണമായെന്നാരോപിച്ചാണ് സിപിഎമ്മിലെ അംഗങ്ങൾ എതിരായി വോട്ടു ചെയ്തതെന്ന് പറയപ്പെടുന്നു. ചില കോൺഗ്രസ് അംഗങ്ങളും സിപിഎം അംഗങ്ങൾക്കൊപ്പം ചേർന്നപ്പോൾ ബിജെപിയുടെ പ്രതിനിധിയായ സിഡിഎസ് അംഗത്തിന്റെ വോട്ട് സിപിഐയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് ലഭിച്ചു.
അതേസമയം സിപിഐ നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടർന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച അൽഫോൻസ രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. എൽഡിഎഫ് സമവായത്തോടെ സ്ഥാനാർഥിയെ നിശ്ചയിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാനാകുമായിരുന്നെന്ന് എൽഡിഎഫിലുള്ളവർ പറയുന്നു. തലയാഴം പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസിലെ അംഗങ്ങൾക്കിടയിലും സിഡിഎസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഭിന്നതയ്ക്കിടയാക്കി.