ജൂബിലി നിറവിൽ മുതിർന്നവരുടെ സംഗമം
1511404
Wednesday, February 5, 2025 7:02 AM IST
അതിരമ്പുഴ: ജൂബിലി നിറവിൽ മുതിർന്ന പൗരന്മാരുടെ സംഗമം. സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ രജത ജൂബിലി സമ്മേളനം ഇന്നലെ നടത്തി. 25 വർഷം മുമ്പ് സീനിയർ സിറ്റിസൺസ് ഫോറത്തിന് രൂപം നൽകിയ അന്നത്തെ അസിസ്റ്റന്റ് വികാരിയും ഇന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായ മാർ തോമസ് തറയിൽ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. 25 വർഷങ്ങൾക്കിപ്പുറവും ഫോറം സജീവമായി നിലനിൽക്കുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു.
പ്രസിഡന്റ് ജോസ് ഓലപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. സ്ഥാപക പ്രസിഡന്റ് ഡോ. എം.സി. ജോസഫ് മുക്കാടൻ ഫോറത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ അനുസ്മരിച്ച് പ്രസംഗിച്ചു.
ഡയറക്ടർ ഫാ. അലക്സ് വടശേരിൽ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ, ഫോറം സെക്രട്ടറി തോമസ് ഇലവിനാൽ, ജോയിന്റ് സെക്രട്ടറി മേരി എസ്. കടവൻ എന്നിവർ പ്രസംഗിച്ചു.