സിപിഒ ശ്യാം പ്രസാദിന്റെ കൊലപാതകം : പ്രതിയെ ഓടിച്ചിട്ട് പിടികൂടിയ കുമരകം എസ്എച്ച്ഒ കെ. ഷിജിക്ക് അഭിനന്ദന പ്രവാഹം
1511410
Wednesday, February 5, 2025 7:14 AM IST
കുമരകം: സിവിൽ പോലീസ് ഓഫീസർ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ അതിസാഹസികമായി പിടികൂടിയ കുമരകം എസ്എച്ച്ഒ കെ. ഷിജിക്ക് അഭിനന്ദന പ്രവാഹം. കൊടുംകുറ്റവാളിക്കു പിന്നാലെ ഓടുമ്പോൾ സ്വന്തം ജീവനെക്കുറിച്ച് ചിന്തിച്ചേ ഇല്ലെന്ന് കുമരകം എസ്എച്ച്ഒ കെ. ഷിജി പറഞ്ഞു.
പ്രതിയുടെ കയ്യിൽ ആയുധം കണ്ടേക്കാം, പിന്നാലെ ഓടി പിടികൂടുമ്പോൾ ആക്രമിച്ചേക്കാം എന്നൊന്നും ചിന്തിക്കാതെ ഏതു വിധേനയും അക്രമിയെ പിടികൂടുക എന്നതു മാത്രമായിരുന്നു ലക്ഷ്യമെന്നും കെ. ഷിജി പറഞ്ഞു.
ശ്യാംപ്രസാദിനെ ചവിട്ടി വീഴ്ത്തിയ സംഭവം നടന്നു മിനിറ്റുകൾക്കുള്ളിൽ ഷിജി സ്ഥലത്ത് എത്തിയിരുന്നു. സബ് ഡിവിഷൻ നൈറ്റ് ഓഫീസറായ ഷിജി പട്രോളിംഗ് നടത്തുന്നതിനിടെയാണു സംഭവ സ്ഥലത്തെത്തിയത്.
ശ്യാം പ്രസാദിനെ തിരിച്ചറിഞ്ഞ പോലീസുകാർ അദ്ദേഹത്തിന് വെള്ളം കൊടുക്കുന്നതിനിടെ പ്രതി ജിബിൻ ജോർജ് റെയിൽവേപാളം കടന്നു സമീപത്തെ പുരയിടത്തിലേക്ക് ഓടിയിരുന്നു. പിന്നാലെ ഷിജിയും. മിനിറ്റുകൾക്കുള്ളിൽ പ്രതിയെ പിടികൂടി.
ഈ സമയം ഡ്രൈവറും മറ്റൊരു സഹവർത്തകനും ഓടിയെത്തി. തുടർന്ന് പ്രതിയെ ഏറ്റുമാനൂർ പോലീസിനു കൈമാറുകയായിരുന്നു.