211 കോടിയുടെ ക്രമക്കേട്; പരിശോധനയ്ക്കായി തദ്ദേശ ഭരണ ഓഡിറ്റ് വിഭാഗം ഇന്നു കോട്ടയം നഗരസഭയിൽ
1510982
Tuesday, February 4, 2025 3:03 AM IST
കോട്ടയം: കോട്ടയം നഗരസഭയിലെ 211 കോടിയുടെ ക്രമക്കേട് അന്വേഷിക്കുന്നതിനു തദ്ദേശ ഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ എത്തും. വകുപ്പിലെ രണ്ടു ഫിനാന്‍സ് ഓഫീസര്‍മാരും രണ്ടു വിജിലന്‍സ് ഉദ്യോഗസ്ഥരും അടങ്ങുന്ന 12 അംഗ സംഘമാണ് ഇന്നു കോട്ടയം നഗരസഭാ ഓഫീസില്‍ പരിശോധനയ്ക്കായി എത്തുന്നത്.
നഗരസഭയിലെ മുന്‍ ജീവനക്കാരന് പെന്ഷന് തുകയായി രണ്ടു കോടി രൂപ തട്ടിയെടുത്തതിനു പിന്നാലെയാണ് 211 കോടിയുടെ ക്രമക്കേടും പുറത്തുവന്നത്. ഇതോടെ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. നഗരസഭയിലെ വര്‍ഷങ്ങളായുള്ള ചെക്കും ഡ്രാഫ്റ്റും മുഖേനയുള്ള പണമടവുകള്‍ നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ബാങ്ക് നിക്ഷേപവും നഗരസഭയിലെ പണമിടപാടുകളും എല്ലാമാസവും ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പാക്കണമെന്നാണ് ചട്ടം. ഇതു നിരീക്ഷിക്കാന്‍ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ ഭാഗമായ കണ്‍കറന്റ് ഓഡിറ്റ് വിഭാഗം നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
എന്നാല്‍ ബാങ്ക് റീ കണ്‍സീലിയേഷന്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാറില്ല. സാങ്കേതികപിഴവെന്ന് പറഞ്ഞ് വേണ്ടപ്പെട്ടവരെ രക്ഷിക്കാന്‍ നഗരസഭയില്‍ ഒത്തുകളി നടക്കുന്നതായി ആരോപണവുമുണ്ട്.
വര്‍ഷങ്ങളായി നഗരസഭയില്‍ ലഭിക്കുന്ന ചെക്കുകളും ഡ്രാഫ്റ്റുകളും ബാങ്കില്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താറില്ല. സമര്പ്പിച്ചവയുടെ തുക ബാങ്കില്‍ എത്തുന്നുണ്ടോയെന്നും പരിശോധിക്കുന്നില്ല.
ഡ്രാഫ്റ്റ്, ചെക്ക് എന്നിവ നഗരസഭയില്‍ ലഭിക്കുന്നത് രേഖപ്പെടുത്തേണ്ട രജിസ്റ്ററുകളും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇവ ഉറപ്പാക്കേണ്ട ഓഡിറ്റ് വിഭാഗം ഇതൊന്നും കാണുന്നില്ലെന്നും ആരോപണമുണ്ട്.