"ആരവം-ഞീഴൂര്‍ 2025' ടൂറിസം ഫെസ്റ്റ് അഞ്ചുമുതല്‍ ഒമ്പതുവരെ
1510971
Tuesday, February 4, 2025 3:03 AM IST
കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ തീയതികളില്‍ ആരവം - ഞീഴൂര്‍ 2025 എന്ന പേരില്‍ ടൂറിസം ഫെസ്റ്റ് നടത്തും. തുരുത്തിപ്പള്ളിചിറയില് ആണ് പെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പഞ്ചായത്തധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സാസ്കാരിക ഘോഷയാത്ര ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ ഫ്ളാഗ് ഓഫ് ചെയ്യും.
ആറിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിക്കും. കലാപരിപാടികള്‍ സിനിമാതാരം അനൂപ് ചന്ദ്രന് ഉദ്ഘാടനം ചെയ്യും. തീം പ്രസന്റേഷന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളിയും അനുഗ്രഹപ്രഭാഷണം തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോസ് നെല്ലിക്കതെരുവിലും നിര്‍വഹിക്കും. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ.രൂപേഷ് കുമാര്‍ ആമുഖപ്രഭാഷണവും ജലസവാരിയുടെ ഫ്ളാഗ് ഓഫ് കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷും നിര്‍വഹിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ജോര്‍ജ് കുളങ്ങര, സ്കറിയ വര്‍ക്കി, പി.വി. സുനില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് വരെ പെഡല്‍ ബോട്ട്, കയാക്കിംഗ്, ഫൈബര്‍ ബോട്ട്, കൊട്ടവഞ്ചി, കുതിരസവാരി എന്നിവ ഉണ്ടായിരിക്കും. ഫുഡ് ഫെസ്റ്റ്, അഗ്രികള്‍ച്ചറല്‍ നഴ്സറി, ഗാര്ഡന് നഴ്സറി, നാട്ടുചന്ത എന്നിവയും ഫെസ്റ്റിനോടുനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. കലാപരിപാടികള്‍, മത്സരങ്ങള്‍, മാജിക് ഷോ, ഗാനമേള, ഡിജെ. കളരിപ്പയറ്റ്, നാടന്‍പാട്ട്, കവിയരങ്ങ്, നൃത്തനൃത്ത്യങ്ങള്‍, തിരുവാതിര, ഒപ്പന, മാര്‍ഗംകളി എന്നിവയും ഫെസ്റ്റിന്റെ ദിവസങ്ങളില്‍ ഉണ്ടാവും.
പരിപാടികളെ കുറിച്ച് വിശദീകരിക്കുന്നതിനായി കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപ്, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, കണ്‍വീനര്‍ ശരത് ശശി, ജോയിന്റ് കണ്‍വീനര്‍ ബോബന് മഞ്ഞളാമലയില്‍, ജനപ്രതിനിധികളായ പി.ആര്. സുഷമ്മ, ശ്രീകലാ ദിലീപ്, ലില്ലി മാത്യു, ലിസി ജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.