ഭക്തിയുടെ ഓളപ്പരപ്പുകളിലേക്ക് കപ്പലിറക്കാൻ നാല്പതാം വർഷവും അണിയിച്ചൊരുക്കി ജോൺ
1511150
Tuesday, February 4, 2025 11:52 PM IST
കുറവിലങ്ങാട്: വിദേശികളടക്കമുള്ള പതിനായിരങ്ങളെ ഭക്തിയുടെ ഓളപ്പരപ്പുകളിലെത്തിക്കുന്ന മൂന്നുനോമ്പ് തിരുനാളിൽ സംവഹിക്കുന്ന കപ്പൽ അണിയിച്ചൊരുക്കിക്കഴിഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടായി കപ്പൽ അണിയിച്ചൊരുക്കാനുള്ള ഭാഗ്യം ലഭിച്ചതിന്റെ സന്തോക്ഷത്തിലാണ് കുന്നേൽ എം.വി. ജോൺ.
കൽപ്പടവുകളിലും മണൽപ്പരപ്പിലും സഞ്ചരിക്കുന്ന കപ്പലിന്റെ തോരണങ്ങളും കൊടിയും പായുമൊക്കെ അതിന്റെ മനോഹാരിതയുടെ ഘടകങ്ങളാണ്. ഈ ഓരോ അലങ്കാരങ്ങളിലും കഴിഞ്ഞ നാല് പതിറ്റാണ്ടായി എം.വി. ജോണിന്റെ കരങ്ങളാണ്. ആഴ്ചകൾ നീളുന്ന പരിശ്രമങ്ങളിലാണ് കപ്പലിനെ മനോഹരിയാക്കുന്നത്. ഓരോ വർഷവും കപ്പലിന്റെ പെയിന്റിംഗ് കഴിഞ്ഞാൽ പിന്നെ ജോണിന്റെ കരലാളനയിലും സ്പർശത്തിലുമാണ് കപ്പൽ. ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷമാണ് കപ്പൽ അണിയിച്ചൊരുക്കിത്തുടങ്ങുന്നത്. പൂർണമായും പ്രകൃതിസൗഹൃദ വസ്തുക്കളാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. കപ്പൽ അലങ്കരിക്കാൻ ലഭിച്ച ഭാഗ്യം ഒരു ദൈവികനിയോഗമായാണ് ജോൺ കരുതുന്നത്.
അലങ്കാരങ്ങൾ ഇങ്ങനെ
മുകളിലും മുൻപിലും പിറകിലുമായി 12 കൊടികളാണ് കപ്പലിൽ കെട്ടിയൊരുക്കുന്നത്. ശ്ലൈഹിക പാരമ്പര്യത്തിന്റെ ഓർമകളാണ് 12 കൊടികൾ സൂചിപ്പിക്കുന്നത്. കപ്പലിൽ യോനാ പ്രവാചകന്റേതൊഴികയെുള്ള രൂപങ്ങൾ നേരത്തേതന്നെ ഒരുക്കിയിരിക്കും. പിതാവായ ദൈവത്തിന്റെ രൂപമാണ് കപ്പലിൽ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതിനു മുകളിലായി മനോഹരമായ മേക്കട്ടി ഉയർത്തി നിറുത്തും. കപ്പലിൽനിന്ന് ഏഴു പടികൾ കയറിയാണ് കൊടിമരത്തിലെത്തുന്നത്. രണ്ടു കൊടിമരങ്ങളാണുള്ളത്. കൂദാശകളുടെ ചിന്തകളാണ് ഏഴു പടികൾ സൂചിപ്പിക്കുന്നത്. കൊടികൾ ഉയർത്തിക്കെട്ടി കപ്പലുയർത്താനുള്ള അവകാശം കടപ്പൂര് കരക്കാർക്കാണ്.
ജോണിന്റെ
അവകാശവഴികൾ
ഇങ്ങനെ
തൈക്കാട്ടുശേരി ഇടവകാംഗമായ ജോൺ വിവാഹത്തിലൂടെയാണ് കുറവിലങ്ങാടിന്റെ ഭാഗവും കപ്പൽ അലങ്കാരത്തിന്റെ പിന്തുടർച്ചക്കാരനുമായത്. ഭാര്യാപിതാവ് ജോസ് ജി. കുന്നേലിനൊപ്പം 1984ലാണ് കപ്പൽ അലങ്കാരത്തിൽ ജോൺ പങ്കെടുക്കാൻ തുടങ്ങിയത്. ഭാര്യാപിതാവിന്റെ പിതാവ് വർക്കി കുന്നേലായിരുന്നു അതിന് മുൻപ് അലങ്കാരത്തിന് നേതൃത്വം നൽകിയിരുന്നത്. ദേവാലയശുശ്രൂഷിയായിരുന്നു വർക്കി. സെന്റ് മേരീസ് സ്കൂളിൽ അനധ്യാപകനായിരുന്നു ജോസ് ജി. കുന്നേൽ.
അവകാശവും അഭിമാനവുമായി നിയോഗം നിർവഹിക്കുന്ന ജോണിനൊപ്പം ഭാര്യ സോഫിയും സജീവമാണ്. കുന്നേൽ കുടുംബത്തിന്റെ നിയോഗങ്ങൾക്കുള്ള അനുമോദനമായി പ്രത്യേക അവകാശങ്ങളും ഇടവക ദേവാലയം നൽകിവരുന്നു.