ചൈതന്യ കാര്‍ഷിക മേളയില്‍ ഇന്ന് നൈപുണ്യ ദിനം; ബോട്ടില്‍ ബോള്‍ റെയിസ്, വടംവലി മാമാങ്ക മത്സരങ്ങള്‍
1511399
Wednesday, February 5, 2025 7:02 AM IST
കോട്ടയം: കാര്‍ഷിക സമൃദ്ധിയുടെ പുതിയ ഉണര്‍ത്തുപാട്ടായി ചൈതന്യയില്‍ ആരംഭിച്ച കാര്‍ഷിക മേളയില്‍ തിരക്കേറി. ദിവസവും നൂറുകണക്കിനാളുകളാണ് കാര്‍ഷിക വിള പ്രദര്‍ശനം കാണുന്നതിനും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും കലാസന്ധ്യ ആസ്വദിക്കുന്നതിനുമായി എത്തുന്തന്. മേളയില്‍ ഇന്നലെ പരിസ്ഥതി സൗഹാര്‍ദ ദിനമായി ആചരിച്ചു.
പൊതുസമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ ജീവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ലാണെന്ന് മന്ത്രി പറഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ വിശിഷ്ടാതിഥിയായിരുന്നു.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, നവജീവന്‍ ട്രസ്റ്റ് ചെയര്മാന് പി.യു. തോമസ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറല്‍ സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടിയില്‍, ഗ്രീന്‍വാലി ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോബിന് പ്ലാച്ചേരിപ്പുറത്ത്,
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ തോമസ് കോട്ടൂര്‍, ഡിസിപിബി കോണ്ഗ്രിഗേഷന് റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റിന്‍സി കോയിക്കര, ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെഎസ്എസ്എസ് പ്രവര്‍ത്തന മേഖലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കര്‍ഷകരെ ആദരിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ഓല മെടച്ചില്‍ മത്സരവും നാടോടി നൃത്ത മത്സരവും നാടകവും നടത്തപ്പെട്ടു. മേളയുടെ നാലാം ദിനമായ ഇന്ന് നൈപുണ്യ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും ഉച്ചകഴിഞ്ഞ് ഒന്നിന് ബോട്ടില്‍ ബോള്‍ റേസ് മത്സരവും 1.30ന് ആവണി തിരുവാതിരകളി മത്സരവും നടത്തപ്പെടും.
3.30ന് കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കാര്‍ഷിക സെമിനാറിന് കാരിത്താസ് ഇന്ത്യ ക്ലൈമറ്റ് ഡെസ്ക് ഹെഡ് ഡോ.വി.ആര്. ഹരിദാസ് നേതൃത്വം നല്‍കും. 4.30ന് വടംവലി മാമാങ്ക മത്സരവും നടത്തപ്പെടും. വൈകുന്നേരം 6.30ന് കൊച്ചിന് ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നാടകം ഉത്തമന്റെ സങ്കീര്‍ത്തനം അരങ്ങേറും.