ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
1511109
Tuesday, February 4, 2025 11:52 PM IST
പാലാ: കുടുംബ വഴക്കിനെത്തുടർന്ന് യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ അന്ത്യാളത്താണ് സംഭവം. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമല (58)യെയാണ് മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. മനോജിനെതിരേ വീട്ടുകാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ആറു വയസുകാരൻ മകനുമായി ഭാര്യാവീട്ടിലെത്തിയ മനോജ് ഭാര്യ മാതാവിന്റെയും സ്വന്തം ദേഹത്തും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിച്ചത്. അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. മനോജിന്റെ പൊള്ളൽ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവ സമയത്ത് ഭർത്താവായ സോമൻ പുറത്തു പോയതായിരുന്നു. നിർമലയെ കൂടാതെ വല്യമ്മയും വീട്ടിലുണ്ടായിരുന്നു.