പ്രതിഷേധക്കടലായി മലയോര സമരജാഥ
1511104
Tuesday, February 4, 2025 11:52 PM IST
മുണ്ടക്കയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന മലയോര സമര ജാഥയില്‍ കര്‍ഷകരുടെ പ്രതിഷേധം ഇരമ്പി. വന്യമൃഗ ആക്രമണങ്ങളില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തില്‍ കോട്ടയം, ഇടുക്കി മലയോരങ്ങളില്‍നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് പങ്കാളികളായത്. മുണ്ടക്കയം കല്ലേപ്പാലത്ത് വാദ്യമേളങ്ങളോടെ ജാഥയെ സ്വീകരിച്ച് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലേക്ക് ജാഥയെ ആനയിച്ചു. മലയോര ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ജാഥയ്ക്ക് മുണ്ടക്കയത്ത് രാഷ്ട്രീയത്തിനുപരിയായ പിന്തുണയാണ് ലഭിച്ചത്.
മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ നടന്ന സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, എംപിമാരായ ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, നേതാക്കളായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ജോസി സെബാസ്റ്റ്യന്‍, ഇ.ജെ. ആഗസ്തി, ഫില്‍സണ്‍ മാത്യൂസ്, നാട്ടകം സുരേഷ്, ജയ്സൺ ജോസഫ്, അസീസ് ബഡായി എന്നിവര്‍ പ്രസംഗിച്ചു. വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടമായവരെ അനുസ്മരിച്ചു കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.