സാജന് സാമുവല്‍ കൊടുംക്രിമിനല്‍; ജില്ലയില്‍ നിരവധിക്കേസുകള്‍
1510979
Tuesday, February 4, 2025 3:03 AM IST
കോട്ടയം: മൂലമറ്റത്ത് തേക്കിന്‍കൂപ്പിന് സമീപം കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില്‍ സാജന് സാമുവല്‍ (47) കൊലക്കേസ് ഉള്‍പ്പടെ ഒട്ടേറെ കേസുകളിലെ പ്രതി.
കോട്ടയം ജില്ലയില്‍ പൊന്‍കുന്നം, മരങ്ങാട്ടുപിള്ളി, മേലുകാവ്, പാലാ, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ സ്റ്റേഷനുകളിലും ഇടുക്കി ജില്ലയില്‍ കട്ടപ്പന, മുട്ടം, തൊടുപുഴ സ്റ്റേഷനുകളിലും അന്‍പതിലേറെ കേസുകളില്‍ പ്രതിയാണ് സാജന്.
ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലെ കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. സാജന്റെ കഴുത്തിന് വെട്ടിയതിനൊപ്പം കൈയും മുറിച്ചുമാറ്റിയിരുന്നു. കൈ വെട്ടിയതിനു പിന്നില്‍ ഇത്തരം പകയായിരുന്നുവെന്നു സംശയിക്കുന്നു. 2018 മേയില്‍ കോതമംഗലത്ത് ബാറില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സാജന് സാമുവല്‍. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോ(27)യാണു കൊല്ലപ്പെട്ടത്.
മുട്ടം പോലീസ് സ്റ്റേഷന് പരിധിയിലെ ബാറില്‍ നടത്തിയ കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസില്‍ വിചാരണ നടന്നുവരുമ്പോഴാണ് സാജനെ കൊലപ്പെടുത്തിയത്. 2022ല്‍ പൂവരണിയില്‍ വീട് ആക്രമിച്ച് വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും സാധനങ്ങള്‍ അടിച്ചുതകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നിലും കുടിപ്പകയായിരുന്നെന്ന് പാലാ പോലീസ് പറഞ്ഞു.
2022ല്‍ മുട്ടം ബാറിനു സമീപം വഴി തടസപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരേ ഇയാള്‍ വെടിയുതിര്‍ത്തിരുന്നു. മുട്ടം ടെലിഫോണ്‍ എക്സ്ചേചേഞ്ചിന് സമീപം വഴി തടസം നിര്‍ത്തിയിട്ടിരുന്ന കാര്‍ മാറ്റി ഇടാന്‍ നാട്ടുകാരന് ആവശ്യപ്പെട്ടതാണ് പ്രശനങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് നടന്ന് നീങ്ങിയ ഈ നാട്ടുകാരന് പിറകെ വാഹനം ഇരപ്പിച്ച് എത്തുകയും ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തിനുള്ളില്‍നിന്നു മുന്നിലിരുന്ന സാജന് തോക്കെടുത്ത് നാട്ടുകാര്‍ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ല. 2022 ഓഗസ്റ്റ് മാസം ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.