കൈതത്തോട്ടത്തിലെ മൃതദേഹാവശിഷ്ടം: ഡിഎന്‍എ പരിശോധന നടത്തും
1511107
Tuesday, February 4, 2025 11:52 PM IST
പാലാ: കൈതത്തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ മീനച്ചില്‍ പടിഞ്ഞാറെമുറിയില് മാത്യു തോമസിന്റേത് (മാത്തച്ചന് -84) ആണെന്ന് ഉറപ്പു വരുത്തുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
മേവട- മൂലേത്തുണ്ടി റോഡിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൈതത്തോട്ടത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് വിദഗ്ധരും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തുകയും അവശിഷ്ടങ്ങള്‍ മാത്യു തോമസിന്റേതാണന്ന നിഗമനത്തില്‍ മൃതദേഹ പരിശോധന നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കുകയും ചെയ്തു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
പാലാ ഡിവൈഎസ്പി കെ. സദന്, എസ്എച്ച്ഒ ജോബിന് ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഡിസംബര്‍ 21 നാണ് മാത്യു തോമസിനെ കാണാതായത്. മാത്യു തോമസിന്റെ വീടിന് അരക്കിലോമീറ്ററകലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. കൈതകള്‍ക്കിടയില്‍ കണ്ടെത്തിയ അസ്ഥികൂടത്തിനൊപ്പം കാണാതായ മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. മക്കള്‍ ഇത് തിരിച്ചറിഞ്ഞിരുന്നു. കാണാതായതിനെത്തുടര്‍ന്ന് മക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഹേബിയസ് കോര്‍പ്പസ് ഉത്തരവ് പ്രകാരം പാലാ പോലീസ് രണ്ടാഴ്ച മുമ്പ് മീനച്ചില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു.
മാത്യുവിന്റെ ഭാര്യ. ഫിലോമിന പിഴക് കരിപ്പാക്കുടിയില്‍ കുടുംബാംഗം. മക്കള്‍. സെലിന്, ബീന (ഓസ്ട്രേലിയ), തോമസ് , ജെസി, മനോജ് (ഇരുവരും ഓസ്ട്രേലിയ). മരുമക്കള്‍.ജോസ് കുഴികുളം(വലവൂര്‍), സാജു കടകേലില്‍ (ഇലഞ്ഞി), മേഴ്സി വിച്ചാട്ട് (കരിങ്കുന്നം), സിബി (സുല്‍ത്താന്‍ ബത്തേരി), സുനിത. സംസ്കാരം പിന്നീട്.