റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍ ഫ്രീലെഫ്റ്റ് പച്ച തെളിഞ്ഞു
1495455
Wednesday, January 15, 2025 7:20 AM IST
ചങ്ങനാശേരി: റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍ വാഴൂര്‍ റോഡിലേക്ക് ഫ്രീലെഫ്റ്റ് സംവിധാനം സുഗമമായി. പാലത്രച്ചിറ ഭാഗത്തുനിന്നു വാഴൂര്‍ റോഡിലേക്കുള്ള വാഹനങ്ങള്‍ക്ക് എല്ലാ സമയവും തിരിഞ്ഞുപോകാവുന്ന ക്രമീകരണമാണ് സജ്ജമായത്.
ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്നനുവദിച്ച 25ലക്ഷം രൂപ വിനിയോഗിച്ച് ഫുട്പാത്തും ഫ്രീലെഫ്റ്റിനുള്ള റോഡ് ക്രമീകരണങ്ങളും പൊതുമരാമത്തുവകുപ്പ് സജ്ജമാക്കിയിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഹൈമാസ്റ്റ് വിളക്കും അനുയോജ്യമായ സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് ഫ്രീലെഫ്റ്റിനായി മുഴുവന്‍ സമയവും പച്ച ലെഫ്റ്റ് സിഗ്നല്‍ ലൈറ്റ് തെളിഞ്ഞുനില്ക്കും.
തെങ്ങണ ജംഗ്ഷനില്‍ സിഗ്നല്‍ സമയം 90 സെക്കൻഡാക്കി
തെങ്ങണ ജംഗ്ഷനിലും ട്രാഫിക് സിഗ്നല്‍ സമയത്തില്‍ പുനഃക്രമീകരണം ഏര്‍പ്പെടുത്തി. നേരത്തെ നാല് റോഡിനും കൂടി മൂന്നു മിനിറ്റിനു മുകളിലാണ് സമയം നല്‍കിയിരുന്നത്. ഇതുമൂലം ഓരോ റോഡിലെയും വാഹനങ്ങള്‍ സിഗ്നല്‍ കാത്ത് രണ്ടുമിനിട്ടോളം കാത്തുകിടക്കേണ്ടി വന്നിരുന്നു.
ഇതുമൂലം വാഹനങ്ങളുടെ നിര നീളുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സമയത്തില്‍ പുനഃക്രമീകരണം വരുത്തിയത്. 180 സെക്കൻഡ് എന്നത് 90 സെക്കൻഡായി വെട്ടിക്കുറച്ചു. ഇതോടെ നാലു റോഡുകളിലും ക്യൂവില്‍ കിടക്കുന്ന വാഹനങ്ങളുടെ സമയം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.