കെഎഫ്ഡിസി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 24ന്
1495323
Wednesday, January 15, 2025 5:50 AM IST
കോട്ടയം: ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 24നു കാരാപ്പുഴ കെഎഫ്ഡിസി കാര്യാലയത്തില്‍ നടക്കുമെന്ന് ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10.30നു ചേരുന്ന സമ്മേളനത്തില്‍ സുവര്‍ണ ജൂബിലി ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, കെ.ആര്. ജ്യോതിലാല്‍, ഗംഗാ സിംഗ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കെഎഫ്ഡിസി ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ്, എംഡി ജോര്‍ജി പി. മാത്തച്ചന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവർ പ്രസംഗിക്കും.
അടുത്ത മണ്ഡലമകരവിളക്ക് സീസണിലേക്കുള്ള അരവണ നിര്‍മാണത്തിനായുള്ള ജൈവ ഏലയ്ക്കാ വിതരണം ചെയ്യുവാന്‍ ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് സാധിക്കുമെന്ന് ലതികാ സുഭാഷ് പറഞ്ഞു.
ശബരിമലയിലേക്കുള്ള ഏലയ്ക്ക വിതരണം സംബന്ധിച്ച് ദേവസ്വം ബോര്‍ഡും കെഎഫ്ഡിസിയും തമ്മില്‍ ധാരണയായിട്ടുണ്ട്. ഗവി, വാഗമണ്‍, മീശപ്പുലിമല, മൂന്നാര്‍, മാനന്തവാടി, അരിപ്പ, കല്ലാര്‍, നെല്ലിയാമ്പതി എന്നിവിടങ്ങളിലെ ഇക്കോ ടൂറിസം പദ്ധതി വന്വിജയത്തിലാണെന്നും സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 10 കോടി രൂപ ലാഭത്തിലെത്തുമെന്നും അവർ പറഞ്ഞു.