ടാപ്പിംഗ് അവസാനിക്കുന്നു; മഴമറ സബ്സിഡി ഫയല്ക്കൂനയില്
1495325
Wednesday, January 15, 2025 5:50 AM IST
കോട്ടയം: മഴക്കാലത്ത് ടാപ്പിംഗ് മുടങ്ങാതിരിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകര്‍ക്ക് മഴമറ, സ്പ്രേയിംഗ് എന്നിവയ്ക്ക് പ്രഖ്യാപിച്ച സബ്സിഡി വാര്‍ഷിക ടാപ്പിംഗ് അവസാന വാരത്തിലെത്തിയിട്ടും വിതരണം നടന്നില്ല.
മഴമറയ്ക്കും സ്പ്രേയിംഗിനും ഹെക്ടറിന് നാലായിരം രൂപ വീതം സബ്സിഡി പ്രഖ്യാപിച്ചെങ്കിലും ആര്‍പിഎസുകള്‍ മുഖേന അപേക്ഷ സ്വീകരിച്ചുതുടങ്ങിയത് ഒക്ടോബറിലാണ്. ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സ്വീകരിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ റബര്‍ ബോര്‍ഡിന് ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുമില്ല. തുക എന്നു ലഭിക്കുമെന്ന് റബര്‍ ബോര്‍ഡിനും വ്യക്തതയില്ല.
ഒരു ഹെക്ടര്‍ തോട്ടത്തില്‍ കാടുവെട്ടാനും മഴമറയിടാനും കുറഞ്ഞത് 40,000 രൂപ ചെലവ് വരും. സര്‍ക്കാര്‍ പ്രഖ്യാപിച്ചതാകട്ടെ തുച്ഛമായ സബ്സിഡിയും.
മുമ്പൊക്കെ ഉത്പാദകസംഘങ്ങള്‍ പ്ലാസ്റ്റിക്ക്, പശ, ബെല്‍റ്റ് എന്നിവ വാങ്ങി കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ബില്ല് സംഘം ബോര്‍ഡിന് നല്കി അവര്‍ക്ക് പണം നല്കുന്ന രീതിയായിരുന്നു. പിന്നീട് ഈ രീതി മാറ്റി സഹായം നല്കാന് തീരുമാനിച്ചു.
കഴിഞ്ഞ തവണത്തെ കുടിശിക ഇനത്തില്‍ ആര്‍പിഎസുകള്‍ക്ക് 5.6 കോടി രൂപ നല്‍കാനുണ്ട്. സ്വന്തം നിലയ്ക്ക് മഴമറയിടാന്‍ കഴിവുള്ള കര്‍ഷകര്‍ നാലിലൊന്നുപോലും വരില്ല. അതിനാല്‍ ഏറെപ്പേരും കടം വാങ്ങിയാണ് മഴമറയിട്ടത്.