ജെസ്ന തിരോധാനം: സിബിഐയുടെ അന്വേഷണകാലാവധി തീരുന്നു
1495326
Wednesday, January 15, 2025 5:50 AM IST
കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസ് (21) തിരോധാന കേസില്‍ സിബിഐയുടെ പുനരന്വേഷണ കാലാവധി അടുത്ത മാസം അവസാനിക്കും.
സിബിഐയുടെ രണ്ടാം ഘട്ടം അന്വേഷണം ആറു മാസം പിന്നിടുമ്പോഴും ജെസ്നയെ കാണാതായതില്‍ അന്തിമവും വ്യക്തവുമായ സൂചനയിലേക്കെത്താന് അന്വേഷണടീമിന് സാധിച്ചിട്ടില്ല. സംശയാസ്പദമായ പല കാര്യങ്ങളും ഒന്നാം ഘട്ടം സിബിഐ അന്വേഷണ പരിധിയില്‍ വന്നിട്ടില്ലെന്നും സംശയാസ്പദമായ സാഹചര്യങ്ങള്‍ വേറെയുണ്ടെന്നും വ്യക്തമാക്കി ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവായത്.
ജെസ്ന ജീവിച്ചിരിപ്പുണ്ട് എന്നതില്‍ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ഒന്നാം ഘട്ടം അന്വേഷണം സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ജെസ്നയുടെ തിരോധാനത്തില്‍ ദുരൂഹമായ ചില സാഹചര്യങ്ങളും ചിലരുടെ ഇടപെടലുകളും മറ്റ് തെളിവുകളും ഉള്‍പ്പെടെ ഹാജരാക്കി വീണ്ടും അന്വേഷണം ആവശ്യപ്പെട്ടാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സിജെഎം കോടതി ഉത്തരവിടുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി, എരുമേലി, മുക്കൂട്ടുതറ, മുണ്ടക്കയം, കണ്ണിമല, പുഞ്ചവയല്‍, പുലിക്കുന്ന് ഉള്‍പ്പെടെ കോട്ടയം, ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സിബിഐ ടീം കഴിഞ്ഞ മാസങ്ങളില്‍ രഹസ്യനിരീക്ഷണം നടത്തി. പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കുവച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളില്‍ അന്വേഷണം എത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2016 മാര്‍ച്ച് 22ന് രാവിലെ ഒന്‍പതിന് കൊല്ലമുളയിലെ വീട്ടില്‍നിന്നു പുറപ്പെട്ട ജെസ്ന പിന്നീട് മടങ്ങിവന്നിട്ടില്ല. എരുമേലി ബസ് സ്റ്റാന്‍ഡില്‍ രാവിലെ ഒന്‍പതരയോടെ ജെസ്ന ബസിറങ്ങിയതായാണ് അവസാനത്തെ വിശ്വസനീയമായ മൊഴി.
ജെസ്നയുടെ അധ്യാപകര്‍, സഹപാഠികള്‍, സുഹൃത്തുക്കള്‍ എന്നിവരെയും സിബിഐ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ആറു മാസത്തെ അന്വേഷണത്തിലും സൂചന ലഭിക്കാത്ത സാഹചര്യത്തില്‍ സിബിഐ പിന്‍വാങ്ങിയേക്കുമെന്നാണ് സൂചന.
ആദ്യം വെച്ചൂച്ചിറ, എരുമേലി ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിക്കാതെ വന്നതോടൊണ് കേസ് സിബിഐക്ക് കൈമാറിയത്.