അല്‍ ജമീലയ്ക്ക് അഭിനന്ദനവുമായി മന്ത്രി റോഷി അഗസ്റ്റിൻ
1495440
Wednesday, January 15, 2025 7:08 AM IST
അതിരമ്പുഴ: ഇന്ത്യന്‍ ഇക്കണോമിക് സർവീസ് പരീക്ഷയില്‍ വിജയിച്ച അല്‍ ജമീലയ്ക്ക് അഭിനന്ദനവുമായി മന്ത്രി റോഷി അഗസ്റ്റിന്.
കറുകച്ചാല്‍ സ്വദേശിനിയായ അല്‍ ജമീല നിലവില്‍ താമസിക്കുന്ന അതിരമ്പുഴയിലെ വീട്ടിലെത്തിയാണ് മന്ത്രി റോഷി അഗസ്റ്റിന് അഭിനന്ദനം അറിയിച്ചത്. ഡിസംബറില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഇടംപിടിച്ചശേഷം ആദ്യമായാണ് അല്‍ ജമീല ജന്മനാട്ടില് എത്തിയത്. കറുകച്ചാലിലെ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇപ്പോള്‍ അതിരമ്പുഴയില്‍ താമസിക്കുന്നത്. ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷയില്‍ 12-ാം റാങ്കാണ് അല്‍ ജമീല സ്വന്തമാക്കിയത്.
കോട്ടയം നെടുംകുന്നം സ്വദേശിയായ അല്‍ ജമീല 12-ാം ക്ലാസിനുശേഷം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എംഎ ഇക്കണോമിക്സ് ഇന്റര്‍ഗ്രറ്റഡ് പ്രോഗ്രാമിനാണ് ചേര്‍ന്നത്. അവിടെ മൂന്നുവര്‍ഷത്തെ പഠനത്തിനു ശേഷം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്വകലാശാലയിലേക്കുമാറി.
സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗിലെ എംഎ പഠനകാലത്ത് ആദ്യ ശ്രമത്തില്‍ത്തന്നെ ജെആര്‍എഫ് ഫെലോഷിപ്പും ഗേറ്റും നേടി. 2022ല്‍ എംഎ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജെഎന്‍യുവില്‍ത്തന്നെ പിഎച്ച്ഡിക്ക് ചേര്‍ന്നു. പിജി കഴിഞ്ഞസമയത്ത് ഐഇഎസ് പരീക്ഷയ്ക്കുള്ള കോച്ചിംഗിന് പോയിരുന്നെങ്കിലും പിഎച്ച്ഡി പഠനം ആരംഭിച്ചതോടെ അതൊഴിവാക്കി. പരീക്ഷയും എഴുതിയില്ല.
പിഎച്ച്ഡി കോഴ്സസ് വര്‍ക്കുകളും പ്രാഥമിക റിപ്പോര്‍ട്ടുകളും പൂര്‍ത്തിയായതോടെയാണ് ഐഇഎസ് പരീക്ഷയ്ക്കുള്ള ഒരുക്കം തുടങ്ങിയത്. ആദ്യ ശ്രമത്തില്‍ത്തന്നെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് അല്‍ ജമീല.
അമ്മ അജിത സലാം സിഎ ജിഎസ്ടി വകുപ്പ് പൊന്‍കുന്നം ഓഫീസില്‍ ഡെപ്യൂട്ടി കമ്മിഷണറാണ്. മന്ത്രിക്കൊപ്പം കേരള കോണ്‍ഗ്രസ് -എം മീഡിയ കോ ഓര്‍ഡിനേറ്റര്‍ വിജി എം. തോമസ്, പഞ്ചായത്തംഗം ഫസീന സുധീര്‍ എന്നിവരുമുണ്ടായിരുന്നു.