മുനമ്പം: കേരള കോണ്‍. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സെക്രട്ടേറിയറ്റ് ധര്‍ണ 16ന്
1495320
Wednesday, January 15, 2025 5:50 AM IST
കോട്ടയം: മുനമ്പത്തെ ഭൂമി വഖഫിന്റേതാണെന്ന ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടുമൂലം തദ്ദേശവാസികള്‍ കുടിയിറക്ക് ഭീഷണി നേരിടുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍. ഫറൂക്ക് കോളജില്‍നിന്നും വിലയ്ക്കു വാങ്ങി എല്ലാവിധ റവന്യു രേഖകളുമായി കാലകാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ കുടിയിറക്കാന്‍ ശ്രമിക്കുന്നത് വികലമായ വഖഫ് നിയമം മൂലമാണ്.
മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്ന കേരളത്തിലെ ഇന്ത്യാമുന്നണിക്ക് മുനമ്പം ജനതയോട് ആത്മാര്‍ഥത ഉണ്ടെങ്കില്‍ 17ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് 16ന് 10 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും. ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിക്കും.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് ഡോ. ദിനേശ് കര്‍ത്താ മുഖ്യപ്രസംഗം നടത്തും. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍, വൈസ്ചെയര്‍മാന്‍ പ്രഫ. ബാലു ജി. വെള്ളിക്കര, കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, രാജേഷ് ഉമ്മന്‍ കോശി എന്നിവര്‍ പങ്കെടുത്തു.