ഹരിതഗ്രാമം പദ്ധതി മൂന്നാം ഘട്ടം തുടങ്ങി
1495191
Tuesday, January 14, 2025 6:58 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത്ഹരിതഗ്രാമം പദ്ധതി മൂന്നാംഘട്ടം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ഷൈലകുമാര്‍ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ മൂവായിരം കുടുംബങ്ങൾക്ക് 2,25,000രൂപ വിനിയോഗിച്ചു 65000 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.
വീട്ടുവളപ്പിൽ വിഷമയമില്ലാത്ത പച്ചക്കറികൾ ഉത്പാദിപ്പിക്കാനായിചീര, വഴുതന, പയര്‍,മുളക്, തക്കാളി, ചോളം എന്നീ തൈകളാണ് വിതരണം ചെയ്തത്. കൃഷിയുടെ പരിപോഷണത്തിനായി ആവശ്യമായ ജൈവകീടനാശിനിയും ജൈവവളവും പച്ചക്കറി തൈകൾക്കൊപ്പം നൽകി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനു പദ്ധതി ആവിഷ്കരിച്ചത്.
പഞ്ചായത്ത് അംഗം പി.കെ. മണിലാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഗീതസോമന്, കൃഷി ഓഫീസര്‍ ലിഡജേക്കബ്, കൃഷിഅസിസ്റ്റന്റ് സുരമ്യ, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവർ പങ്കെടുത്തു.