അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന്
1495179
Tuesday, January 14, 2025 6:48 AM IST
കോട്ടയം: അങ്കണവാടി, ജീവനക്കാര്‍ക്കു ഒരു വര്ഷത്തിനുമേല് മുടങ്ങിയ പോഷൺ ട്രാക്കര്‍ ജോലികള്‍ക്കുള്ള ഇന്‍സെന്റീവും അങ്കണവാടികളില്‍ സിബിഇ (കമ്യൂണിറ്റി ബെയ്സ്ഡ് ഇവന്റ്സ് ) നടത്തുന്നതിന്റെ തുകയും 2023ലും 2024ലും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളും പെന്‍ഷനും ഉടന്‍ നല്‍കണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും യഥാക്രമം 500 രൂപയും 250 രൂപയുമാണ് പ്രതിമാസം ഇന്‍സെന്റീവായി നല്‍കേണ്ടത്. ജീവനക്കാര്‍ കൈയില്‍നിന്ന് 250 രൂപ വീതം മുടക്കിയാണ് മാസത്തില്‍ രണ്ട് സിബിഇ നടത്തുന്നത്. എല്ലാ മാസവും നടക്കുന്ന അവലോകന മീറ്റിംഗില്‍ പങ്കെടുക്കുന്നതിനുള്ള ടിഎ മൂന്ന് വര്‍ഷമായി മുടങ്ങിയിരിക്കുകയാണ്. ദൈനംദിന പ്രവൃത്തികള്‍ രേഖപ്പെടുത്തുന്നതിന് നല്‍കിയിട്ടുള്ള ഫോണും ഗുണനിലവാരം ഇല്ലാത്തതാണെന്ന് യോഗം കുറ്റപ്പെടുത്തി.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോര്‍ഡ് അംഗവുമായ കെ.എസ്. രമേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദീപ എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാലി തോമസ്, മിനി സെബാസ്റ്റ്യന്‍, സി സി. ശാന്തമ്മ, പി.ബി. ലീലാമ്മ, കെ.കെ. അനിതകുമാരി, പി.കെ. തങ്കമ്മ, കെ.സി. സിജിമോള്‍, പി.കെ. രമ എന്നിവര്‍ പ്രസംഗിച്ചു.