ക്രെമറ്റോറിയം, കുടിവെള്ള പ്രശ്നം: നഗരസഭയില്‍ ബഹളം
1495439
Wednesday, January 15, 2025 7:08 AM IST
ചെയര്‍പേഴ്സന്റെ ഡയസിനു മുമ്പില്‍ ജോസ് പള്ളിക്കുന്നേലിന്റെ പ്രതിഷേധം
കോട്ടയം: മുട്ടമ്പലത്തെ ക്രെമറ്റോറിയം അടച്ചുപൂട്ടിയത്, ചിങ്ങവനത്തെ കുടിവെള്ള പ്രശ്നം, നഗരസഭാ കൗണ്‍സിലര്‍മാര്‍ പാരിതോഷികം കൈപ്പറ്റിയത് തുടങ്ങിയ വിഷയങ്ങളില്‍ നഗരസഭാ കൗണ്‍സിലില്‍ ബഹളം. ഇന്നലെ ഉച്ചകഴിഞ്ഞ് നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ത്തന്നെ ജോസ് പള്ളിക്കുന്നേല്‍ ചിങ്ങവനത്തെ റൂറല്‍ കുടിവെള്ള പദ്ധതിക്ക് നഗരസഭ പണം അനുവദിക്കാത്ത നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും പണം അനുവദിക്കാതെ സെക്രട്ടറി തടസം സൃഷ്ടിക്കുകയാണെന്നും തന്റെ പ്രശ്നത്തിനു പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് ജോസ് പള്ളിക്കുന്നേല്‍ ചെയര്‍പേഴ്സന്റെ ഡയസിനു മുമ്പില്‍ കസേരയിട്ടിരുന്നു പ്രതിഷേധിച്ചു. ജോസ് പള്ളിക്കുന്നേലിനു പിന്തുണയുമായി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ വിഷയം അജണ്ടയില്‍ ഇല്ലാത്തതാണെന്ന നഗരസഭാ സെക്രട്ടറിയുടെ പരാമര്‍ശം കൗണ്‍സിലംഗങ്ങളെ ചൊടിപ്പിച്ചു.
ഇതിനിടെ വാട്ടര്‍ അഥോറിട്ടിയുടെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥതയാണ് കുടിവെള്ളപ്രശ്നത്തിനു കാരണമെന്നും കോട്ടയം നഗരസഭയില്‍ ഉദ്യോഗസ്ഥരെ വാഴാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും മുന്‍ ചെയര്‍മാനും ഭരണപക്ഷാംഗവുമായ എം.പി. സന്തോഷ് കുമാർ പറഞ്ഞത് ഏറെനേരം ബഹളത്തിനിടയാക്കി. ഒടുവില്‍ വിഷയം പ്രത്യേക അജണ്ടയായെടുത്ത് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാക്കാമെന്ന ചെയര്‍പേഴ്സന്റെ ഉറപ്പില്‍ ജോസ് പള്ളിക്കുന്നേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.
നഗരസഭ ക്രെമറ്റോറിയം അടച്ചിട്ടതിനെതിരേയും അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ഷീജ അനില്‍, വിനു ആര്. മോഹന്‍, കെ. ശങ്കരന്, എബി കുന്നേല്‍പറമ്പില്‍, റീബ വര്‍ക്കി, ടി.ആര്. അനില്‍കുമാര്‍, എം.എസ്. വേണുക്കുട്ടന്‍, ടി.എന്‍. മനോജ് എന്നിവര്‍ ക്രെമറ്റോറിയം അടിയന്തരമായി നന്നാക്കണമെന്നും താത്കാലിക സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുയര്‍ത്തി. മൃതദേഹം സംസ്കരിക്കാന്‍ നിര്‍വാഹമില്ലെന്നും മറ്റു നഗരസഭകളിലും സമുദായ സംഘടനകളുടെ ശ്മശാനത്തിലുമാണ് ഇപ്പോള്‍ സംസ്കാരം നടക്കുന്നതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
നഗരസഭാ പ്രോജ്കടിനു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കാത്തതാണ് കാരണമെന്ന് ചെയർപേഴ്സൺ പറഞ്ഞതു ബഹളത്തിനിടയാക്കി. തനതു ഫണ്ടില്‍ നിന്നും തുക അനുവദിച്ച് താത്കാലിക സംവിധാനമുണ്ടാക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തനതു ഫണ്ട് അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ചെയര്‍പേഴ്സനും സെക്രട്ടറിയും.
ഒടുവില്‍ 30നകം കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഏജന്‍സികളെ ഉപയോഗിച്ച് പരിഹാരമുണ്ടാക്കുമെന്ന് ചെയര്പേഴ്സന് കൗണ്‍സിലിനു ഉറപ്പു നല്കി. ഷീജ അനില്‍, എംപി. സന്തോഷ്കുമാര്‍, വിനു ആര്. മോഹന്‍, ജാന്‍സി ജേക്കബ്, ടി.സി. റോയി, എന്‍.എന്‍. വിനോദ്, എബി കുന്നേല്‍പറമ്പില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കൗണ്‍സിലര്‍മാര്‍ക്ക് പാരിതോഷികം: പണം കൈപ്പറ്റിയത് വിജിലന്‍സ് അന്വേഷിക്കും
നഗരസഭാ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ക്ക് പാരിതോഷികം നല്‍കുന്നതിനായി നഗരത്തിലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നു പരിവ് നടത്തിയെന്ന ആരോപണത്തില്‍ വിജിലിന്‍സ് അന്വേഷണം നടത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷാംഗം ജിബി ജോണാണ് വിഷയം ഉന്നയിച്ചത്.
നഗരസഭയിലെ 52 കൗണ്‍സിലര്‍മാര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ജിബി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തനിക്കറിവില്ലെന്നും അംഗങ്ങള്‍ സ്വയം അന്വേഷിക്കണമെന്നും ചെയര്‍പേഴ്സണ്‍ മറുപടി പറഞ്ഞു. ഏറെ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.