മാലിന്യനിക്ഷേപം പതിവാകുന്ന വലിയാനപ്പുഴ പാലത്തിനു സമീപം കാമറകൾ സ്ഥാപിക്കും
1495186
Tuesday, January 14, 2025 6:58 AM IST
തലയാഴം: തലയാഴം തോട്ടകം വലിയാനപ്പുഴ പാലത്തിന് സമീപം ശുചിമുറി മാലിന്യം തള്ളി. കരിയാറിന്റെ തീരത്തുള്ള പ്രദേശത്ത് പതിവായി സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളുന്നത് കരിയാറിനെയും കെ വി കനാലിനെയും മലിനമാക്കുകയാണ്. മാലിന്യം തള്ളൽ പതിവാക്കിയതോടെ കടുത്ത ദുർഗന്ധംമൂലം ഇതുവഴിയുള്ള യാത്രയും ദുരിത പൂർണമാകുകയാണ്.
മാലിന്യ മുക്ത നവകേരള ക്യാമ്പയിനിൽ ഉൾപ്പെടുത്തി മാലിന്യം വലിച്ചെറിയുന്നതിനെതിരെയും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെതിരേയും വ്യാപക പ്രചാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുമ്പോഴാണ് സാമൂഹ്യ വിരുദ്ധരുടെ നിയമവിരുദ്ധ നടപടിയെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ആരോപിക്കുന്നു.
മാലിന്യം തള്ളിയ സ്ഥലത്ത് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അണുനാശിനി വിതറി. മാലിന്യനിക്ഷേപം പതിവാകുന്നത് കണക്കിലെടുത്ത് ഇവിടെ കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിന് നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും സംയുക്ത യോഗം തീരുമാനിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ജെൽസി സോണി, ടി. മധു, കെ. ബിനിമോൻ, സിനിസലി, കൊച്ചുറാണിബേബി, ജെ എച്ച് ഐ കെ.കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.