റിപ്പബ്ലിക് ദിനം: വിലയിരുത്തൽ യോഗം
1495180
Tuesday, January 14, 2025 6:48 AM IST
കോട്ടയം: റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പറഞ്ഞു. ജില്ലാതല ആഘോഷപരിപാടികളുടെ ഒരുക്കം വിലയിരുത്താന്‍ കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
26ന് രാവിലെ എട്ടു മുതല്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലാണ് ജില്ലാതല ആഘോഷപരിപാടികളും പരേഡും നടക്കുക. പോലീസ്, എക്സൈസ്, വനം വകുപ്പ്, എന്‍സിസി, എസ്പിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂണിയര്‍ റെഡ്ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകളും സ്കൂള്‍ ബാന്‍ഡ് സെറ്റുകളും പരേഡില്‍ അണിനിരക്കും. കലാ-സാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ ചുമതലയില്‍ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും. പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ റിഹേഴ്സല്‍ 22, 23, 24 തീയതികളില്‍ നടക്കും. 26ന് രാവിലെ 8.30ന് പരേഡ് ചടങ്ങുകള്‍ തുടങ്ങും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, അഡീഷണല്‍ എസ്.പി. വിനോദ് പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, കോട്ടയം ആര്.ടി.ഒ. കെ. അജിത്കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സ്മിത ജോര്‍ജ്, അസിസ്റ്റന്റ് കമന്‍ഡാന്റ് എം.സി. ചന്ദ്രശേഖരന്, തഹസില്‍ദാര്‍ എസ്.എന്‍. അനില്‍ കുമാര്‍,
നഗരസഭാ സെക്രട്ടറി ബി. അനില്‍കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ എന്‍.എസ്. സുരേഷ് കുമാര്‍, എന്‍സിസി ഓഫീസര്‍ ശ്രീകുമാര്‍, റോയി പി. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.