പൊടിശല്യത്തിനെതിരേ പ്രതികരിച്ച നാട്ടുകാരോട് ടോറസ് ഡ്രൈവറുടെ വെല്ലുവിളിയും ഗുണ്ടായിസവും
1495451
Wednesday, January 15, 2025 7:20 AM IST
കടുത്തുരുത്തി: റോഡിലെ രൂക്ഷമായ പൊടിശല്യത്തിനെതിരേ പ്രതികരിച്ച നാട്ടുകാര്‍ക്കെതിരേ ടോറസ് ഡ്രൈവറുടെ വെല്ലുവിളിയും ഗുണ്ടായിസവും. ഇറുമ്പയം കല്ലുവേലി ജംഗ്ഷനില്‍ വെള്ളൂര്‍ റബര്‍ പാര്‍ക്കിലേക്ക് മണ്ണടിക്കുന്ന വാഹനങ്ങള്‍ തടഞ്ഞിട്ടു കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ ടോറസ് ഡ്രൈവര്‍ വാഹനം റോഡിനു കുറുകെയിട്ട് ഇരുചക്ര വാഹനങ്ങള്‍ പോലും കടന്നുപോകാത്ത തരത്തില്‍ ഗതാഗത തടസം സൃഷ്ടിച്ചു.
പ്രതിഷേധം ശക്തമായതോടെ വാഹനം നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ സ്ഥലം വിട്ടു. ഇതോടെ സ്കൂള്‍ കുട്ടികളുമായിവന്ന വാഹനങ്ങള്‍ പോലും റോഡില്‍ കുരുങ്ങി. കോണ്‍ഗ്രസ് നേതാക്കളായ എം.ആര്. ഷാജി, സജി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ സംഘടിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
തുടര്‍ന്ന് വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവര്‍ പെരുവ സ്വദേശി രാജീവിനെതിരെ പോലീസ് കേസെടുത്തു.