കടനാട് ജലോത്സവം ഇന്നു തുടങ്ങും
1495305
Wednesday, January 15, 2025 5:49 AM IST
കടനാട്: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ദിനങ്ങളില്‍ നടത്തപ്പെടുന്ന കടനാട് ജലോത്സവത്തിന് ഇന്നു തുടക്കം. 20 വരെയാണ് കടനാട് ചെക്ക്ഡാമില്‍ ജലോത്സവം നടക്കുന്നത്. കയാക്കിംഗ്, കുട്ടവഞ്ചി സവാരി, പെഡല്‍ ബോട്ടിംഗ്, വള്ളം സവാരി എന്നിവയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത്, കടനാട് കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ജലോത്സവത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര അനുഗ്രഹപ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണവും നടത്തി.
വാര്‍ഡ് മെംബര്‍ ഉഷാ രാജു, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി, സൊസൈറ്റി പ്രസിഡന്റ് ജോണി അഴകന്‍പറമ്പില്‍, ബ്ലോക്ക് മെംബര്‍ സെബാസ്റ്റ്യന്‍ കട്ടയ്ക്കല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, സംഘാടക സമിതി കണ്‍വീനര്‍ ബിനു വള്ളോംപുരയിടം എന്നിവര്‍ പ്രസംഗിച്ചു.