ഇലക്ടറല്‍ ലിറ്ററസി ക്ലബ് പ്രസംഗമത്സരം: ആഞ്ജലയ്ക്കും ഐശ്വര്യക്കും ഒന്നാം സ്ഥാനം
1495461
Wednesday, January 15, 2025 7:24 AM IST
കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ യുവജന ബോധവത്കരണ വിഭാഗമായ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി പ്രസംഗ മത്സരം നടത്തി. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ 25 പേര് പങ്കെടുത്തു.
കോളജ് വിഭാഗത്തില്‍ പാത്താമുട്ടം സെന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ ആഞ്ജല എം. ജോസി ഒന്നാം സ്ഥാനം നേടി. ഇതേ കോളജിലെ കൃപ മറിയം വര്‍ഗീസിനാണ് രണ്ടാം സ്ഥാനം. ബോബി വര്‍ഗീസ് (കെജി കോളജ് കോട്ടയം), ശ്രേയാ മോള് ജോസഫ് (എസ്ബി കോളജ് ചങ്ങനാശേരി) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്എസ്എസിലെ എസ്. ഐശ്വര്യ ഒന്നാം സ്ഥാനം നേടി. 25ന് നടക്കുന്ന സമ്മതിദായക ദിനാചരണത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ചടങ്ങില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ് അധ്യക്ഷത വഹിച്ചു. ഇലക്ടറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായ ഡോ. വിപിന്‍ കെ. വറുഗീസ്, ടി. സത്യന്, ഇലക്ഷന് ജൂണിയര്‍ സൂപ്രണ്ട് പി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ നിയമ ഓഫീസര്‍ ടി.എസ്. സബി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.