അന്തർ സർവകലാശാല അത്ലറ്റിക്സ്: മെഡൽ നേട്ടവുമായി സെന്റ് ഡൊമിനിക്സ് കോളജ്
1495311
Wednesday, January 15, 2025 5:50 AM IST
കാഞ്ഞിരപ്പള്ളി: ഭുവനേശ്വറിൽ നടന്ന 64-ാമത് അന്തർ സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മഹാത്മാഗാന്ധി സർവകലാശാലാ ടീമിൽ മത്സരിച്ച സി.ബി. ഷിന്റോമോൻ, എം. മനൂപ് എന്നിവർ വെള്ളി മെഡലുകൾ നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന് അഭിമാനമായി മാറി.
110 മീറ്റർ ഹർഡിൽസിൽ സി.ബി. ഷിന്റോമോൻ നിലവിലെ അന്തർ സർവകലാശാല റിക്കാർഡ് തിരുത്തി 14.18 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി മെഡൽ നേടിയത്. 400 മീറ്റർ ഹർഡിൽസിൽ 51.30 സെക്കൻഡിൽ ഓടിയെത്തിയാണ് എം. മനൂപ് വെള്ളി മെഡൽ സ്വന്തമാക്കിയത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ ജൂലിയസ് ജെ. മനയാനിയാണ് ഇരുവരുടെയും പരിശീലകൻ.
ഷിന്റോമോൻ ഇടുക്കി ശാന്തിഗ്രാം ചെമ്പൻമാവിൽ ബിജു രാജൻ-റീജ ബിജു ദമ്പതികളുടെ മകനാണ്. പാലായിൽ നടന്ന എംജി സർവകലാശാലാ മീറ്റിൽ 110 ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടിയാണ് ഷിന്റോമോൻ അന്തർ സർവകലാശാലാ മീറ്റിന് യോഗ്യത നേടിയത്.
എം. മനൂപ് പാലക്കാട് വടവന്നൂർ കൊരതപറമ്പ് മുരളീധരൻ-ഷീബ ദമ്പതികളുടെ മകനാണ്. എംജി സർവകലാശാലാ മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ മീറ്റ് റിക്കാർഡ് നേടിയാണ് എം. മനൂപ് അന്തർ സർവകലാശാല മീറ്റിനു യോഗ്യത നേടിയത്. 400 മീറ്ററിലും മനൂപ് സ്വർണ മെഡൽ ജേതാവായിരുന്നു.
കോളജിൽനിന്ന് എട്ട് പുരുഷ താരങ്ങൾ എംജി സർവകലാശാലാ അത്ലറ്റിക്സ് ടീമിൽ അംഗങ്ങളായിരുന്നു. വെങ്കല മെഡൽ നേടിയ എംജി സർവകലാശാല 4x100 മീറ്റർ റിലേ ടീമിൽ അംഗമായിരുന്ന വി.എൻ. അബ്ദുൾ കരീമും കോളജിന് അഭിമാനമായി മാറി.
കോളജിൽ കഴിഞ്ഞ എട്ടു വർഷമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നതാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അത്ലറ്റിക്സ് അക്കാഡമി. കോളജിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഈ അക്കാഡമിക്ക് മേൽനോട്ടം വഹിക്കുന്നത് കായികവിഭാഗം മേധാവി പ്രവീൺ തര്യനും പരിശീലകരായ ജൂലിയസ് ജെ. മനയാനി, സന്തോഷ് ജോർജ്, അലെൻ സെബാസ്റ്റ്യൻ എന്നിവരുമാണ്.
മികച്ച പ്രകടനം കാഴ്ച്ചവച്ച താരങ്ങളെയും അവരുടെ പരിശീലകരെയും മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബർസാർ റവ.ഡോ. മനോജ് പാലക്കുടി, മാനേജ്മെന്റ്, പിടിഎ എന്നിവർ അഭിനന്ദിച്ചു.