കുറിച്ചി സിഎച്ച്സി ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടം തുറന്നു : പുതിയ മന്ദിരത്തിന് 5.5 കോടി അനുവദിക്കും: മന്ത്രി വീണ
1495198
Tuesday, January 14, 2025 7:04 AM IST
ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡ് തുറന്നു. കെട്ടിടത്തിന്റെയും ഇതിലാരംഭിച്ച കിടത്തിച്ചികിത്സ വിഭാഗത്തിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ആരോഗ്യ ഗ്രാന്റില്‍നിന്ന് 5.5 കോടി രൂപ അനുവദിച്ച് കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധൂനീക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിര്‍മിക്കുമെന്നു മന്ത്രി പറഞ്ഞു.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി, രജനി അനില്‍, കെ.ഡി.സുഗതന്, കെ.പി. സതീഷ്, ഡോ. വ്യാസ് സുകുമാരന്‍, ധനുജ സുരേന്ദ്രന്, അനില്‍ എം. ചാണ്ടി, സാബു പുതുപ്പറമ്പില്‍, ജയിംസ് പുതുമന, സുജാത ബിജു, ദീപാ ജീസസ്, റേച്ചല്‍ കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി ജനറല്‍ ആശുപത്രി കെട്ടിടം നിര്‍മാണം ഉടന്‍: മന്ത്രി
കുറിച്ചി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ കിഫ്ബി വഴി 80 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. 12 മാസം കൊണ്ട് സിവില്‍ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കുറിച്ചി ആശുപത്രിയിലെ ജീര്‍ണാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ച് ജോബ് മൈക്കിള്‍ എല്‍എല്‍എ ഫണ്ടിലൂടെ നല്കിയ 1.36 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടം നിര്‍മിച്ചത്.
10 കിടക്കകളോടുകൂടിയ ഓക്സിജന്‍ സൗകര്യമുള്ള ബെഡുകളാണ് കിടത്തിച്ചികിത്സയ്ക്കായി സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.