കപ്പലണ്ടി കച്ചവടം നടത്തിയിരുന്നയാളുടെ ഉന്തുവണ്ടി രാത്രിയില്‍ കത്തി നശിച്ചു
1495448
Wednesday, January 15, 2025 7:08 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ടൗണില്‍ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നയാളുടെ ഉന്തുവണ്ടി രാത്രിയില്‍ കത്തി നശിച്ചു. ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ കണ്ടതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് വ്യാപിക്കുന്നത് തടയാനും വലിയ അപകടം ഒഴിവാക്കാനും കഴിഞ്ഞു.
കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഉന്തുവണ്ടിയാണ് പൂര്‍ണമായും കത്തി നശിച്ചത്. കെ എസ് പുരം ഇലഞ്ഞിക്കുഴി ഇ.ഡി. ചാക്കോ (66) യുടേതാണ് ഉന്തുവണ്ടി. കച്ചവടത്തിന് ശേഷം രാത്രി തിങ്കളാഴ്ച്ച 8.30 ഓടെ ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം ചാക്കോ മടങ്ങിയിരുന്നു.
10. 45 ഓടെ തളിയില്‍ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് ഉന്തുവണ്ടി കത്തുന്നത് കാണുന്നത്. ആളുകള്‍ ഓടികൂടി തീ കൂടുതല്‍ ഭാഗത്തേക്കു വ്യാപിക്കുന്നത് തടഞ്ഞു. സമീപത്ത് നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്തുവണ്ടിക്കു സമീപം കിടന്നുറങ്ങുകയായിരുന്നയാളെ ഓടിക്കൂടിയവരാണ് വിളിച്ചേഴുന്നേല്പിച്ചു വിട്ടത്.
വര്‍ഷങ്ങളായി കടുത്തുരുത്തിയില്‍ കപ്പലണ്ടി കച്ചവടം നടത്തുന്നയാളാണ് ചാക്കോ. വണ്ടിയിലുണ്ടായിരുന്ന കുട, സ്റ്റൗ, പാത്രങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു. ടയറുകള്‍ ഉള്‍പ്പെടെ വണ്ടി പൂര്‍ണമായും കത്തി നശിച്ചു. രണ്ട് മാസമായി ഇവിടെ തന്നെയാണ് ഉന്തുവണ്ടി പാര്‍ക്ക് ചെയ്തിരുന്നതെന്ന് ചാക്കോ പറയുന്നു. പോലീസില്‍ പരാതി നല്‍കിയെന്നും ചാക്കോ പറഞ്ഞു.