മന്ത്രിമാരുടെ തിരുവനന്തപുരത്തെ ഓഫീസിനു മുന്പില് സത്യഗ്രഹം നടത്തുമെന്ന് മോന്‍സ് ജോസഫ്
1495185
Tuesday, January 14, 2025 6:58 AM IST
കടുത്തുരുത്തി: കടുത്തുരുത്തി-പെരുവ റോഡ് ടാറിംഗ് നടപടികളായില്ലെങ്കില്‍ പൊതുമരാമത്ത് - ജല വിഭവ മന്ത്രിമാരുടെ തിരുവനന്തപുരത്തെ ഓഫീസിനു മുന്പില് സത്യഗ്രഹം നടത്തുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.
തകര്‍ന്നു കിടക്കുന്ന മണ്ഡലത്തിലെ വിവിധ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കടുത്തുരുത്തി ടൗണില്‍ നടത്തിയ ജനകീയ മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
വാട്ടര്‍ അഥോറിറ്റി പൈപ്പ് സ്ഥാപിച്ച ശേഷം റീ ടാറിംഗ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതിക്ക് വേണ്ടി നല്‍കിയിരിക്കുന്ന ഫയലിന്മേല് സര്‍ക്കാര്‍ അനുമതി നല്കാന് തയാറാകാതെ അനാവശ്യമായി ഉണ്ടായിരിക്കുന്ന കാലതാമസത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ മന്ത്രിമാരുടെ ഓഫീസിനു മുമ്പില്‍ ജനങ്ങളെ പങ്കെടുപ്പിച്ചുസത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
കടുത്തുരുത്തി ടൗണ്‍ചുറ്റി നടന്ന ജനകീയ മാര്‍ച്ചിനെ തുടര്‍ന്ന് ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ഇ.ജെ. ആഗസ്തി, ജെയ്സണ്‍ ജോസഫ് ഒഴുകയില്‍, തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറാവേലി, മേരി സെബാസ്റ്റ്യന്‍, ജോസ് വഞ്ചിപ്പുര, ജോര്‍ജ് ജി. ചെന്നേലി, ജോസ് ജയിംസ് നിലപ്പന, വാസുദേവന്‍ നമ്പൂതിരി, ജോണി കണിവേലി, സി.എം. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.