സപ്ലൈകോയ്ക്ക് നെല്ലു വിറ്റാല്‍ എന്നു കിട്ടും പണം?
1495327
Wednesday, January 15, 2025 5:50 AM IST
കോട്ടയം: നാട്ടുകാര്‍ സ്വന്തം മണ്ണില്‍ അധ്വാനിച്ച് നെല്ല് വിളയിച്ച് ഭക്ഷിക്കണമെന്ന് സര്‍ക്കാരിന് യാതൊരു താത്പര്യവുമല്ല. ഭക്ഷ്യവകുപ്പിന്റെ കടുത്ത അനാസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ സപ്ലൈകോയ്ക്ക് വിറ്റ വിരിപ്പുനെല്ലിന്റെ പണം ഇനിയും ലഭിച്ചിട്ടില്ല. ജില്ലയില്‍ 80 കോടി രൂപയാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് മൂന്നു മാസമായിട്ടും വിതരണം ചെയ്യാനുള്ളത്.
അടുത്ത മാസം 15ന് ആണ്ടുകൃഷിയിലെ പ്രധാന വിളവായ പുഞ്ചക്കൊയ്ത്ത് തുടങ്ങും. വൈകാതെ സപ്ലൈകോ നെല്ല് സംഭരണവും തുടങ്ങും. മേയ് പകുതിയോളം ജില്ലയില്‍ പുഞ്ചക്കൊയ്ത്ത് തുടരും.
2024ലെ പുഞ്ചകൃഷിയുടേതുള്പ്പെടെയുള്ള പണമാണ് കര്‍ഷകര്‍ക്ക് കുടിശികയായുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 85 കോടിയോളം രൂപ സപ്ലൈകോ ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. സംസ്ഥാനതലത്തില്‍ പുഞ്ചക്കൊയ്ത്തിന് രണ്ടായിരം കോടി രൂപയുടെ നെല്ലാണ് സപ്ലൈകോ സംഭരിക്കാറുള്ളത്.
കോട്ടയം ജില്ലയില്‍ കുറഞ്ഞത് 400 കോടിയുടെ നെല്ലാണ് സംഭരിക്കുക. കൊള്ളപ്പലിശയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്താണ് ഏറെ കര്‍ഷകരും വിളവിറക്കുന്നത്. ഭാരിച്ച പലിശ നല്കിക്കൊണ്ടിരിക്കുന്പോഴും വിറ്റ നെല്ലിന്റെ പണം നല്കുന്നതില് സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് പുലര്‍ത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച സബ്സിഡി തോത് കണക്കാക്കിയാല്‍ ഒരു കിലോ നെല്ലിന് 32.50 പൈസ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതാണ്. സംസ്ഥാന വിഹിതം വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഇപ്പോഴും കര്‍ഷകര്‍ക്ക് നല്‍കുന്നത് 28.20 പൈസ മാത്രമാണ്.