കെപിപിഎല്ലിലെ ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും
1495188
Tuesday, January 14, 2025 6:58 AM IST
പെരുവ: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു പ്രവര്‍ത്തനം തുടങ്ങിയ കെപിപിഎല്ലിലെ ജീവനക്കാര്‍ സ്ഥിരനിയമനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിന് സൂചനാ പണിമുടക്ക് നടത്തും.
സംയുക്ത ട്രേഡ് യൂണിയന് ജനറല്‍ബോഡി യോഗത്തിലാണ് പണിമുടക്ക് നടത്തുവാന്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷമായി നിയമനം കാത്തിരിക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, പിഎഫ്, ഗ്രാറ്റുവിറ്റി, ഓവര്‍ടൈം, ലീവുകള്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും നല്‍കുക, കമ്പനി ഏറ്റെടുത്തപ്പോള്‍ തൊഴിലാളികള്‍ക്ക് നല്കുവാനുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണമായും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകുമെന്നും യോഗം മുന്നിറിയിപ്പ് നല്കി.
താല്കാലിക-കോണ്‍ട്രാക്ട് വിഭാഗം തൊഴിലാളികള്‍ക്ക് ജോലി സ്ഥിരത ഉറപ്പുവരുത്തുക, കുത്തഴിഞ്ഞ മാനേജുമെന്റ് സംവിധാനം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ടു വച്ചു. യോഗത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആര്. രഘുനാഥ് അധ്യക്ഷത വഹിച്ചു.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, കെപിപിഎല്ഇഎ വര്‍ക്കിംഗ് പ്രസിഡന്റ് തോമസ് കല്ലാടന്‍, അജിത് കുമാര്‍, ജെറോം കെ.ജോര്‍ജ്, കെ.എസ്. സന്ദീപ്, മനീഷ് തങ്കപ്പന് എന്നിവര്‍ പ്രസംഗിച്ചു.