കെകെ റോഡില്‍ പുതിയ ബൈപാസ്
1495328
Wednesday, January 15, 2025 5:50 AM IST
കോട്ടയം: കോട്ടയം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്താനായി കൊല്ലം-ഡിണ്ടിഗല്‍ ദേശീയപാതയില്‍ (എന്‍എച്ച് -183) കോട്ടയം നഗരത്തില്‍ പുതിയ ബൈപാസ് വരുന്നു. ബൈപാസ് നിര്‍മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം ഇന്നു രാവിലെ 10.30നു കോട്ടയം കളക്ടറേറ്റില്‍ ചേരും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ താത്പര്യപ്രകാരമാണു പുതിയ ബൈപാസ് പ്രോജക്ട്.
കോട്ടയം നഗരമധ്യത്തിലൂടെ കടന്നുപോകുന്ന കെകെറോഡ് വീതി കൂട്ടുമ്പോള്‍ വലിയ തോതില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടിവരും. വ്യാപാര മേഖലയെ ഇതു വലിയതോതില്‍ ബാധിക്കും. ഈ സാഹചര്യത്തിലാണ് ബൈപാസ് എന്ന പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. കുമളി മുതല്‍ കോട്ടയം വരെ 24 മീറ്ററും കോട്ടയം മുതല്‍ കൊല്ലം വരെ 30 മീറ്ററും വീതിയിൽ റോഡ് വികസിപ്പിക്കാനാണ് ദേശീയപാതാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
സ്ഥലം ഏറ്റെടുക്കാന്‍ പ്രയാസമുള്ള മണര്‍കാട് മുതല്‍ കോടിമത വരെയുള്ള ഭാഗം ഒഴിവാക്കുന്നതിനാണ് ബൈപാസ് എന്ന ആശയം ഉയര്‍ന്നുവന്നിരിക്കുന്നത്. ബൈപാസിനായി ദേശീയപാതാ വിഭാഗം ചുമതലപ്പെടുത്തിയിട്ടുള്ള മോര്‍ത്താണ് റോഡിന്റെ രൂപരേഖ തയാറാക്കിയിരിക്കുന്നത്.
കോടിമതയിലെ മണിപ്പുഴയില്‍നിന്നും ആരംഭിച്ച് പാമ്പാടി വെള്ളൂര്‍ എട്ടാം മൈലിലേക്കാണു പുതിയ റോഡ് എന്നതാണ് നിര്‍ദേശമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. 12.600 കിലോമീറ്റര്‍ ദൂരവും 30 മീറ്റര്‍ വീതിയുമുള്ള റോഡ് ഏഴു കിലോമീറ്ററും പാടശേഖരത്തിലൂടെയാണു കടന്നുപോകുന്നത്.
അലൈന്മെന്റ് അംഗീകരിച്ചു തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തിയാല്‍ നിര്‍മാണത്തിന് ആവശ്യമായ മുഴുവന്‍ പണവും അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നു ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍, ദേശീയപാതാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.
പ്രഖ്യാപിച്ചതു നിരവധി പദ്ധതികൾ; എല്ലാം കടലാസിലൊതുങ്ങി
കോട്ടയം: കെകെ റോഡിലെയും എംസി റോഡിലെയും ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കോട്ടയം മുതല്‍ പാമ്പാടി വരെയുള്ള കെകെ റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
കെകെ റോഡിന്റെ വീതി വര്‍ധിപ്പിക്കാന്‍ നിരവധി തവണ പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും നാളിതുവരെ ഫലം കണ്ടില്ല. കഞ്ഞിക്കുഴി, മണര്‍കാട്, പാമ്പാടി തുടങ്ങി തിരക്കുള്ള സ്ഥലങ്ങളില്‍ റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിനു കേന്ദ്ര ഗതാഗതമന്ത്രാലയം പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നടപ്പായിട്ടില്ല. കെകെ റോഡ് വികസിപ്പിച്ചാല്‍ മാത്രമേ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. കഞ്ഞിക്കുഴിയില്‍ ഫ്ളൈ ഓവര്‍ പദ്ധതി കോട്ടയത്തെ രാഷ്ട്രീയ ഇടപെടലില്‍ അട്ടിമറിച്ചെന്ന ആരോപണം ശക്തമാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മണിപ്പുഴ-മണര്‍കാട് ബൈപാസ് ആശയം ഉടലെടുത്തിരുന്നെങ്കിലും പിന്നീട് മുന്നോട്ട് നീങ്ങിയില്ല.
എംസി റോഡില്‍ ചെമ്പരത്തിമൂട് ജംഗ്ഷനില്‍നിന്നും ആരംഭിച്ചു കോടിമത മണിപ്പുഴയില്‍ അവസാനിക്കുന്ന ഫ്ളൈഓവറും യാഥാര്‍ഥ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എംസി റോഡിലൂടെ പോകുന്ന പകുതിയിലധികം വാഹനങ്ങളും കോട്ടയം നഗരത്തില്‍ എത്താനുള്ളതല്ല. മറ്റുമാര്ഗമില്ലാത്തതിനാലാണു കോട്ടയം പട്ടണത്തില്‍ വാഹനം എത്തുന്നത്. നാഗമ്പടം - മണിപ്പുഴ മേല്‍പ്പാലം യാഥാര്‍ഥ്യമായാല്‍ ഗതാഗതക്കുരുക്കിനു പരിഹാരമാകും.