എരുമേലിയിലൂടെ സുരക്ഷിത മടക്കം; ജാഗരൂകരായി പോലീസ്
1495315
Wednesday, January 15, 2025 5:50 AM IST
എരുമേലി: മകരവിളക്ക് ദർശനം കഴിഞ്ഞുമടങ്ങിയ ഭക്തരുടെ തിരക്ക് ശബരിമല പാതയിൽ അപകടങ്ങളിലാകാതിരിക്കാൻ പോലീസും വിവിധ വകുപ്പുകളും നടത്തിയത് കൃത്യമായ ഏകോപനത്തിലുള്ള സേവനം. വഴിയിലുടെനീളം പോലീസ് കാവൽ നിന്നപ്പോൾ പട്രോളിംഗ് നടത്തി തീർഥാടക വാഹനങ്ങളുടെ വേഗം നിയന്ത്രിച്ചുകൊണ്ടിരുന്നത് മോട്ടോർ വാഹനവകുപ്പും റോഡ് സേഫ് സോൺ വിഭാഗവുമായിരുന്നു.
ആരോഗ്യവകുപ്പും അഗ്നിശമനസേനയും സർവസജ്ജമായി ഡ്യൂട്ടിയിലുണ്ടായിരുന്നു. തത്സമയം തന്നെ വിവരങ്ങൾ അറിഞ്ഞ് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ അവലോകനം ചെയ്തുകൊണ്ടിരുന്നു. വിവിധ പാതകളിലൂടെ തീർഥാടക വാഹനങ്ങൾ കടത്തിവിട്ടാണ് തിരക്ക് ക്രമീകരിച്ചത്. ഇതിനായി റൂട്ട് പ്രത്യേകമായി തയാറാക്കിയിരുന്നു. അപകട സാധ്യതയുള്ള ഭാഗങ്ങളിൽ പോലീസ് സേവനം ഉറപ്പാക്കിയാണ് ഡ്യൂട്ടി പോയിന്റുകൾ നിശ്ചയിച്ചിരുന്നത്. 650ഓളം പോലീസുകാരാണ് ഇന്നലെ വൈകുന്നേരം മുതൽ ജില്ലയിലെ ശബരിമല പാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
മകരജ്യോതി ദർശനം കഴിഞ്ഞു നിലയ്ക്കലിൽനിന്ന് തീർഥാടകപ്രവാഹം ആരംഭിച്ചപ്പോൾ തന്നെ ഏറ്റവും മുന്നിൽ മോട്ടോർ വാഹന വകുപ്പിന്റെ പട്രോളിംഗ് സംഘം പൈലറ്റായുണ്ടായിരുന്നു. ഇലവുങ്കലിൽനിന്നു തുലാപ്പള്ളി ആലപ്പാട്ട് കവലയിലെത്തുന്ന എളുപ്പവഴി അപകടകരമായതിനാൽ ഇതുവഴി തീർഥാടക വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാൻ വഴിയടച്ച് പോലീസ് കാവൽ നിന്നു.
മുണ്ടക്കയം വഴി ഇടുക്കി ജില്ലയിലൂടെ പോകാനുള്ള വാഹനങ്ങൾക്ക് തുലാപ്പള്ളി, എയ്ഞ്ചൽവാലി വഴിയും കണമലയിൽനിന്ന് മൂക്കൻപെട്ടി വഴിയും കാളകെട്ടി-കുഴിമാവ്-കോരുത്തോട്-മടുക്ക റൂട്ടിലൂടെ മുണ്ടക്കയത്തേക്ക് വഴി തിരിച്ചവിട്ടു. കണമല ഇറക്കത്തിൽ പ്രത്യേകമായി പോലീസ് കാവൽ ഏർപ്പെടുത്തിയാണ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയത്. മുക്കൂട്ടുതറ, എരുമേലി ടൗണുകളിൽ ഗതാഗതത്തിരക്ക് ബാധിക്കാതെയാണ് തീർഥാടക വാഹനങ്ങൾ പോലീസ് കടത്തിവിട്ടത്.
എരുമേലി സർക്കാർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലും കൂടാതെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും അടിയന്തര ചികിത്സയ്ക്കുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. വഴിയിൽ കേടാകുന്ന വാഹനങ്ങളുടെ തകരാർ പരിഹരിക്കാൻ കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് അസോസിയേഷനുമായി സഹകരിച്ച് മോട്ടോർ വാഹനവകുപ്പ് റിപ്പയറിംഗ് യൂണിറ്റ് വാഹനങ്ങളും മെക്കാനിക്കുമാരെയും നയോഗിച്ചിരുന്നു. കണമല, മുക്കൂട്ടുതറ, എരുമേലി എന്നിവിടങ്ങളിലായി ആംബുലൻസ് വാഹനങ്ങളും ജീവനക്കാരും ഫസ്റ്റ് എയ്ഡ് യൂണിറ്റും ക്യാമ്പ് ചെയ്തിരുന്നു.
കാനനപാതയിൽ ഇന്നലെ രാവിലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പാത പൂർണമായും അടച്ചു. ഇനി അടുത്ത ശബരിമല സീസണിലാണ് കാനനപാത തുറക്കുക. മകരവിളക്ക് ദർശനത്തിന് ഇന്നലെ എരുമേലി വഴി 185 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയതിന് പുറമേ എരുമേലി ഓപ്പറേറ്റിംഗ് സെന്ററിൽനിന്നു 20 ബസുകളും സർവീസ് നടത്തി. 20ന് ശബരിമല തീർഥാടനം പൂർണമാകുന്നതോടെ എരുമേലിയിൽ വിവിധ വകുപ്പുകളുടെ പ്രത്യേക ഓഫീസുകളും സേവനവും അവസാനിക്കും.