എംവിഐപി കനാലിലെ വെള്ളം പാടത്തേക്ക് ഒഴുകുന്നത് പ്രതിസന്ധി
1495446
Wednesday, January 15, 2025 7:08 AM IST
പെരുവ: എംവിഐപി കനാലിലൂടെ തുറന്നു വിടുന്ന വെള്ളം പാടത്തേക്ക് ഒഴുകിയെത്തുന്നത് കര്‍ഷകര്‍ക്ക് പ്രതിസന്ധികളുണ്ടാക്കുന്നു. പാടത്തേക്ക് വെള്ളമെത്തുന്നത് നിയന്ത്രിക്കണമെന്ന് കര്‍ഷകര്‍. എംവിഐപിയുടെ മരങ്ങോലിയില്‍ നിന്നും പെരുവ ഉപകനാലിലൂടെ തുറന്നു വിടുന്ന അധികവെള്ളം ചെന്ന് ചാടുന്നത് മുളക്കുളം ഇടയാറ്റുപാടശേഖരത്തിലാണ്.
പാടശേഖരത്തിലെ വെള്ളം പറ്റാത്തത് മൂലം കൃഷിയിറക്കാന്‍ വൈകുകയാണ്. ഏക്കര്‍ കണക്കിന് പാടമാണ് ഇനി ഇവിടെ കൃഷിയിറക്കാനുള്ളത്. പാടത്തെ വെള്ളം വറ്റാത്തതുമൂലം കര്‍ഷകര്‍ മോട്ടോര്‍ ഉപയോഗിച്ചു പാടത്ത് നിന്നും വെള്ളം അടിച്ചു പറ്റിച്ചാണ് ഇപ്പോള്‍ കൃഷിയിറക്കുന്നത്.
കനാലിലൂടെ തുറന്നു വിടുന്ന അധികവെള്ളം വീണ്ടും പാടത്തേക്ക് ചെന്നാല്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കും. ഇതിനായി കനാല്‍ തുറന്നു വിടുമ്പോള്‍ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കി അധികവെള്ളം പാടത്തേക്ക് വരാതെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ ജനകീയ പ്രതികരണവേദി എംഎല്‍എയ്ക്കും കൃഷി ഓഫീസര്‍ക്കും വകുപ്പ് അധികാരികള്‍ക്കും നിവേദനം നല്കി.
ഡിസംബറില്‍ കൃഷിയിറക്കേണ്ട പാടങ്ങളാണ് ഇവയെല്ലാം. എന്നാല്‍ കാലാവസ്ഥാ വിത്യാസം മൂലം പാടത്തെ വെള്ളം പറ്റാന്‍ താമസിച്ചതോടെ കൃഷിയിറക്കാനും താമസിച്ചു. മുളക്കുളം ഇടയാറ്റു പാടശേഖരത്തില്‍ മോട്ടര്‍ പമ്പ് സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായി കര്‍ഷകരുടെ ആവശ്യമാണ്.
ത്രീതല പഞ്ചായത്തില്‍ നിന്നും മോട്ടോറും വൈദ്യുതി കണക്ഷനും ബണ്ടിനും പണം അനുവദിച്ചെങ്കിലും പിന്നീട് ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.