ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ശോച്യാവസ്ഥയിൽ
1454777
Saturday, September 21, 2024 12:10 AM IST
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ശോച്യാവസ്ഥയില്‍. ഭരണങ്ങാനം ടൗണിലെയും ഇടപ്പാടി ജംഗ്ഷനിലെയും കാത്തിരിപ്പുകേന്ദ്രങ്ങളാണ് നാട്ടുകാര്‍ക്ക് അന്യമാകുന്നത്.
തിരക്കേറിയ ഭരണങ്ങാനം ടൗണില്‍ ബസ് ബേയോടു കൂടിയതും നിലവാരമുള്ളതുമായ ബസ് കാത്തിരിപ്പുകേന്ദ്രം അത്യാവശ്യമാണ്. ആയിരക്കണക്കിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും തീര്‍ഥാടകര്‍ക്കും സൗകര്യപ്രദമാണിത്. ഇപ്പോള്‍ കടവരാന്തയാണ് ഇവരുടെ ആശ്രയം. സ്ഥലസൗകര്യമില്ലാത്ത ഭരണങ്ങാനം ടൗണിലെ റോഡില്‍ ബസുകള്‍ റോഡില്‍ നിര്‍ത്തി ആളുകളെ ഇറക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു ഭരണങ്ങാനത്തിന് 99.5 ലക്ഷം രൂപ അനുവദിച്ചതില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് പത്തു ലക്ഷം രൂപ ഉള്‍പ്പെടുത്തിയെങ്കിലും തുക തികയാതെ വന്നതായി പറയുന്നു.
ഇടപ്പാടി ജംഗ്ഷനു സാധാരണയില്‍ കവിഞ്ഞ വീതിയാണുള്ളത്. ഇരു വശങ്ങളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ അനിവാര്യമാണ്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കാന്‍ നാലു ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ചെങ്കിലും ചിലരുടെ എതിര്‍പ്പുമൂലം നിര്‍മാണം നടക്കാതെ പോവുകയായിരുന്നുവെന്നു പറയുന്നു.