തങ്കമ്മച്ചേടത്തിയെ ആദരിക്കാന്‍ നാട് ഒത്തുകൂടി
1454776
Saturday, September 21, 2024 12:10 AM IST
ഇടക്കോലി: ഇലഞ്ഞി വിസാറ്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ 74-ാം വയസില്‍ റെഗുലര്‍ ബാച്ചില്‍ പഠിക്കാനെത്തിയ തങ്കമ്മ കുഞ്ഞപ്പനെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് പുതിയിടത്തുചാലില്‍ ഉദ്ഘാടനം ചെയ്തു. ചക്കാമ്പുഴ വാര്‍ഡ് മെംബര്‍ സൗമ്യ സേവ്യര്‍ അധ്യക്ഷത വഹിച്ചു.
എട്ടാം ക്ലാസില്‍ പഠനം നിന്നുപോയ തങ്കമ്മച്ചേടത്തി തുല്യതാ പരീക്ഷയിലൂടെയാണ് പത്താംതരവും പ്ലസ് ടുവും പാസായത്. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഈവര്‍ഷം ബികോം ഓണേഴ്സിന് അഡ്മിഷന് നേടി. പഠനവും ബസ് യാത്രയും കോളജ് ചെയര്മാന് രാജു കുര്യന് സൗജന്യമാക്കി നല്‍കിയിട്ടുണ്ട്.
കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഇടക്കോലിയിലെ കുടുംബവീട്ടില്‍ നടത്തിയ ചടങ്ങില്‍ തങ്കമ്മച്ചേടത്തിയെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ രാജു മാവുങ്കല്‍, പിആർഒ ഷാജി ആറ്റുപുറം, റിട്ടയേര്‍ഡ് പ്രഫസര്‍ മത്തായി കാറ്റുനിലം, ഏലിക്കുട്ടി തോമസ് ഉരുളുപടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.