ഓണക്കാലത്ത് പാലിനും പാലുത്പന്നങ്ങൾക്കും റിക്കാർഡ് വില്പന: മന്ത്രി ജെ. ചിഞ്ചുറാണി
1454770
Saturday, September 21, 2024 12:00 AM IST
വാഴൂർ: ഓണക്കാലത്ത് പാലിനും പാലുത്പന്നങ്ങൾക്കും സംസ്ഥാനത്ത് റിക്കാർഡ് വില്പന നേടാനായെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ പഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസംഘങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തിയ വാഴൂർ ബ്ലോക്കുതല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കി കർഷകരെ തുണയ്ക്കുന്നതിനുള്ള നിയമം ഉടൻ നിലവിൽ വരും. മൂന്നു വർഷത്തിനുള്ളിൽ മുഴുവൻ പശുക്കൾക്കും ഇൻഷ്വറൻസ് നൽകുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ക്ഷീരകർഷരെ തൊഴിൽദാനപദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. കിടാരിപാർക്കുകൾ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാഴൂർ ബ്ലോക്കിലേയും പരുത്തിമൂട് ക്ഷീരോത്പാദക സഹകരണസംഘത്തിലെയും മികച്ച ക്ഷീരകർഷകരെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ഹേമലത പ്രേംസാഗർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. റംലാബീഗം, സി.ജെ. ബീന, രവി വി. സോമൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, പി.എം. ജോൺ, രഞ്ജിനി ബേബി, ലതാ ഉണ്ണിക്കൃഷ്ണൻ, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ക്ഷീര വികസന ഓഫീസർ ടി.എസ്. ഷിഹാബുദീൻ എന്നിവർ പ്രസംഗിച്ചു.
ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യജാലകം, ക്ഷീരവികസന സെമിനാർ, എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു.