പരിസ്ഥിതിലോല പ്രദേശങ്ങൾ: വില്ലേജുകളെ ഒഴിവാക്കണം
1454744
Friday, September 20, 2024 11:56 PM IST
മുണ്ടക്കയം: പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ വില്ലേജുകളെ ഉൾപ്പെടുത്തിയത് കസ്തൂരിരംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ജനവാസ കേന്ദ്രങ്ങളായ ഈ മേഖലകളെ ഇഎസ്എ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നും കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി.
നിലവിലുണ്ടായിരുന്ന കരട് വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കിയിരുന്ന വില്ലേജുകളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് പറഞ്ഞു തടിതപ്പാനാണ് സർക്കാർ ശ്രമിക്കുന്നത്. കരട് വിജ്ഞാപനത്തിന്റെ ആക്ഷേപം സമർപ്പിക്കേണ്ട 30നകം കൃത്യമായി ആക്ഷേപം സമർപ്പിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി അംഗം മറിയാമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മജു പുളിക്കൻ അധ്യക്ഷത വഹിച്ചു. സാബു പ്ലാത്തോട്ടം, ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, ജോജി വാളിപ്ലാക്കൽ, എ.വി. വർക്കി, ജിജി നിക്കോളാസ്, ഷാജി അറത്തിൽ, ജോസഫ് വടക്കൻ, സിബി നമ്പൂടാകം, റസീം മുതുകാട്, ജോണി ആലപ്പാട്ട്, അജീഷ് വേലനിലം, ജോസി ചിറ്റടിയിൽ എന്നിവർ പ്രസംഗിച്ചു.