അനധികൃത കോൺക്രീറ്റ് കട്ട നിർമ്മാണം നിർത്തണം മുൻ നഗരസഭ ചെയർപേഴ്സൺ ഇന്ദിരാദേവി
1454139
Wednesday, September 18, 2024 7:05 AM IST
വൈക്കം: പ്രദേശവാസികളുടെ സഞ്ചാരത്തിനും ആരോഗ്യകരമായ ജീവിതത്തിനും ഭീഷണിയായി ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കോൺക്രീറ്റ് കട്ട നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാത്ത നഗരസഭ സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധവുമായി മുൻ നഗരസഭ ചെയർപേഴ്സണും നിലവിലെ കൗൺസിലറുമായ എസ്. ഇന്ദിരാദേവി രംഗത്ത്.
വൈക്കം നഗരസഭ ആറാം വാർഡിൽ മാടവനമഠം ആർ. സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാടയ്ക്ക് അനധികൃതമായി പ്രവർത്തിക്കുന്ന ഹൈ പവർ ബ്രിക്സ് എന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് വാർഡ് മെമ്പർ കൂടിയ മുന്‍ നഗരസഭ ചെയര്‍പേഴ്സണായ എസ്.ഇന്ദിരാദേവി രംഗത്തുവന്നത്. ജനവാസ കേന്ദ്രത്തിൽ ഇഷ്ടിക നിർമ്മാണ ഫാക്ടറി നടത്താനാവില്ലെന്നിരിക്കെ താൽക്കാലിക ഷെഡിൽ വ്യവസായ വകുപ്പിന്റെ അക്നോളജ്മെന്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ഇഷ്ടിക നിർമ്മാണ ശാലയിലേക്ക് നിരന്തരം ടോറസ് ലോറികൾ വന്നതോടെ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി.
റോഡരികിലുള്ള നിരവധി വീടുകളുടെ മതിലുകൾ തകർച്ചാഭീഷണിയിലാണ്. എസ്. ഇന്ദിരാദേവിയുടെ വീടിന്റെ മതിൽ ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിലാണ്. തകർന്ന റോഡിൽ പൊടി ശല്യവും രൂക്ഷമായി. റോഡ് തകർന്ന് പൊടിശല്യം രൂക്ഷമായതോടെ 70 വയസായ തനിക്കും സമീപവാസികൾക്കും ശ്വാസംമുട്ടലുകളടക്കമുള്ള രോഗങ്ങൾ ബാധിച്ചെന്ന് ഇന്ദിരാദേവി ആരോപിച്ചു.
പ്രദേശത്തെ 25ഓളം കുടുംബങ്ങൾ അധികൃതർക്ക് പരാതി നൽകി. ശബ്ദമലിനീകരണം ജനജീവിതത്തെ കാര്യമായി ബാധിച്ചെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡും വിലയിരുത്തി. 2024 ആഗസ്റ്റ് 24ന് കോട്ടയത്ത് നടന്ന തദ്ദേശ ദേശീയ അദാലത്തിൽ മന്ത്രി എം.ബി.രാജേഷ് ഈ സ്ഥാപനം ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്നും നടപടി സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു. 2024 ആഗസ്റ്റ് 31ന് നഗരസഭ സെക്രട്ടറി സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം ഉടമ നിർത്തിവച്ചു.
നിയമപരമായി സ്ഥാപനത്തിന് പ്രവർത്തിക്കാനാവില്ലെങ്കിലും പ്രദേശവാസികളുടെ കടുത്ത എതിർപ്പിനിടയിലും സ്ഥാപനം ഉടമ പ്രവർത്തിക്കുന്നത് രാഷ്ട്രീയ ഉദ്യോഗസ്ഥ പിൻബലത്തിലാണെന്ന് പ്രദേശവാസികളും കുറ്റപ്പെടുത്തുന്നു.
ഇക്കാര്യത്തില്‍ നഗരസഭ അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ക്കും സമരമാര്‍ഗങ്ങളിലേക്കും പോകേണ്ടി വരുമെന്നും എസ്. ഇന്ദിരാദേവി പത്രസമ്മേളനത്തിൽ അറിയിച്ചു