കാപ്പ നിയമലംഘനം: പ്രതി അറസ്റ്റില്‍
1445059
Thursday, August 15, 2024 7:48 AM IST
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തിരുവാർപ്പ് പറേനാൽപ്പതിൽ പി.ആർ. ജെറിൻ (25) എന്നയാളെ കാപ്പ നിയമം ലംഘിച്ചതിന് കുമരകം പോലീസ് അറസ്റ്റ് ചെയ്തു.
കുമരകം, കോട്ടയം ഈസ്റ്റ്, കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരേ ജില്ലാ പോലീസ് ചീഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽനിന്നു നാടുകടത്തി ഉത്തരവായിരുന്നു.
എന്നാൽ, ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്കു കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുമരകം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.