വിദ്യാര്‍ഥിനികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം: പ്രതി പിടിയില്‍
1445058
Thursday, August 15, 2024 7:48 AM IST
പാമ്പാടി: പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും ബൈക്കിലെത്തി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നയാളെ പാമ്പാടി പോലീസ് പിടികൂടി. പത്തനംതിട്ട ആനിക്കാട് മാവുങ്കല്‍ റോണി (26)യെയാണ് ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്.
കഴിഞ്ഞ കുറെ മാസങ്ങളായി ബൈക്കിലെത്തി സൗത്ത് പാമ്പാടി, മുളേക്കുന്ന്, കുറ്റിക്കല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് നടന്നു വരുന്ന വിദ്യാര്‍ഥിനികള്‍ക്കു മുമ്പില്‍ ബൈക്ക് നിര്‍ത്തി വഴി ചോദിക്കും. തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം നടത്തി വേഗത്തില്‍ ബൈക്ക് ഓടിച്ച് പോവുകയായിരുന്നു ഇയാളുടെ രീതി.
കഴിഞ്ഞ ജൂലൈ 22നു ഹീറോ എക്സ് പ്ലസ് ബൈക്കില്‍ എത്തി ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാമ്പാടി പോലീസ് കറുകച്ചാല്‍, പാമ്പാടി പ്രദേശത്തുള്ള ഈ മോഡല്‍ ബൈക്കുകളുടെ വിവരം ശേഖരിച്ചു. ഏതാണ്ട് 400ല്‍പ്പരം ബൈക്കുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് 400 ബൈക്കുകളുടെയും ഉടമസ്ഥരുടെ ഫോണ്‍ നമ്പരുകളും പോലീസ് ശേഖരിച്ചു. അതില്‍ കേസിന് ആസ്പദമായ ദിവസങ്ങളില്‍ പാമ്പാടി പ്രദേശത്തെ മൊബൈല്‍ ടവറിന്റെ പരിധിയില്‍ വന്ന ഫോണ്‍ നമ്പരുടെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
പാമ്പാടി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.എ. നജീബ്, എം.ബി. കോളിന്‍സ്, ജോജന്‍ ജോര്‍ജ്, എഎസ്ഐ നവാസ്, പി.പി. മധു, കെ.എ. മിനിമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.