കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ കൂരിരുട്ട്; ഹൈമാസ്റ്റ് വിളക്ക് മറച്ചു വൃക്ഷങ്ങള്‍
1445056
Thursday, August 15, 2024 7:48 AM IST
ചങ്ങനാശേരി: ഹെെമാസ്റ്റ് വിളക്കിന്റെ വെളിച്ചം വൃക്ഷങ്ങൾ മറയ്ക്കുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കവാടം ഇരുട്ടില്‍. ജനറല്‍ ആശുപത്രി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് വിളക്കാണ് റോഡരികിലെ വൃക്ഷശിഖരങ്ങളുടെ ഇലകള്‍കൊണ്ട് മറയുന്നത്.
ജനറല്‍ ആശുപത്രി റോഡിലും ബസ് സ്റ്റാന്‍ഡിലും വെളിച്ചം ലഭിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിച്ചതുമൂലം വെളിച്ചം തടസപ്പെടുകയാണ്.
വെളിച്ചം തടസപ്പെടുത്തുന്ന ശിഖരങ്ങള്‍ വെട്ടിമാറ്റിയാല്‍ രാത്രിയില്‍ സ്റ്റാന്‍ഡിലെത്തുന്ന നൂറുകണക്കിനു യാത്രക്കാര്‍ക്ക് ഉപകാരപ്പെടും. ബസ് സ്റ്റാന്‍ഡിലെ വെയ്റ്റിംഗ് ഷെഡില്‍ സ്ഥാപിച്ചിട്ടുള്ള വിളക്കുകളില്‍നിന്നുള്ള വെളിച്ചം സ്റ്റാന്‍ഡിന്റെ പ്രവേശനകവാടം വരെ എത്താത്തതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
ബസ് സ്റ്റാന്‍ഡിന്റെ മുമ്പില്‍ എംസി റോഡരികിലെ വഴിവിളക്കുകള്‍ പലതും പ്രകാശിക്കാത്തതും യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി പരാതിയുണ്ട്.