ഫാ. ചാക്കോ പുതിയാപറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി; ആഘോഷം 17ന്
1445055
Thursday, August 15, 2024 7:48 AM IST
ചങ്ങനാശേരി: ഫാ. ചാക്കോ പുതിയാപറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷം 17ന് ഉച്ചകഴിഞ്ഞ് 2.30ന് നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആമുഖപ്രഭാഷണത്തെ തുടര്‍ന്ന് ജൂബിലേറിയന് ഫാ. ചാക്കോ പുതിയാപറമ്പില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് ആശംസയര്‍പ്പിക്കും.
1947 ഫെബ്രുവരി 26ന് നെടുംകുന്നം പുതിയാപറമ്പില്‍ ജോസഫ്- മാമ്മന്‍ അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1974 ഡിസംബര്‍ 18ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറയില്നിന്നു പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വൈദിക സെമിനാരിയിലെ സഹപാഠിയാണ്. ഇരുവരും ഒരേദിവസമാണ് പൗരോഹിത്യം സ്വീകരിച്ചത്.
ചങ്ങനാശേരി കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ പറാല്‍, വെട്ടിത്തുരുത്ത് പള്ളികളിലും പുളിങ്കുന്ന് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി, ചങ്ങനാശേരി അതിരൂപതയുടെ കാസര്‍കോട്ടുള്ള പെരുതടി എസ്റ്റേറ്റ് മാനേജര്‍, കാല് നൂറ്റാണ്ടുകാലം ആലുവ മൈനര്‍ സെമിനാരിയില്‍ അധ്യാപകൻ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
അതിനുശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടര്‍, തൃക്കൊടിത്താനം ഫൊറോനാപള്ളി, മാടപ്പള്ളി പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. 2022ല്‍ വിരമിച്ച ഫാ. ചാക്കോ പുതിയാപറമ്പില്‍ ഇപ്പോള്‍ തക്കല രൂപതയിലെ സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ആധ്യാത്മിക പിതാവായി ശുശ്രൂഷ ചെയ്യുന്നു.