സ്വാതന്ത്ര്യസ്മരണ ഉയർത്തി നെടുംകുന്നത്തെ ആൽമരം
1445052
Thursday, August 15, 2024 7:48 AM IST
നെടുംകുന്നം: രാജ്യത്തിന്റെ സ്വാതന്ത്ര്യദാഹം പൂവണിഞ്ഞതിന്റെ സ്മരണയുർത്തി നെടുംകുന്നത്തെ കൂറ്റൻആൽമരം. നെടുംകുന്നം മാർക്കറ്റിനുള്ളിലാണ് ദേശത്തിന്റെ സ്വാതന്ത്ര്യ പ്രതീകമായി ആൽമരം തലയുയർത്തി നിലക്കുന്നത്.
നീണ്ട നാളത്തെ പാരതന്ത്ര്യത്തിൽനിന്ന് ഇന്ത്യൻ ജനത മോചിതരാക്കപ്പെട്ടതിൽ അഭിമാനിതരായ നെടുംകുന്നത്തെ ദേശവാസികൾ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ 1947 ഓഗസ്റ്റ് 14ന് അർധരാത്രിയിൽ ജാഥയായി എത്തി ആലിൻതൈ നടുകയായിരുന്നു. വാഴുവേലിൽ ഗോപാലപിള്ള, വഴീപ്ലാക്കൽ കുഞ്ഞുമത്തായി, കൂടത്തിൽ തങ്കപ്പൻനായർ, ആലയ്ക്കപറമ്പിൽ പരീത് റാവുത്തർ, നെടുംകുന്നം സി.പി. കൃഷ്ണൻ, വേലംപറമ്പിൽ മാധവൻ, കല്ലുവേലിൽ ശേഖരൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തൈ നട്ടത്.
കാവുംനട കവലയിൽ ഒത്തുചേർന്ന നാട്ടുകാർ ജാഥയായി മാർക്കറ്റിലെത്തി വാദ്യഘോഷങ്ങളുടെയും വെടിക്കെട്ടിന്റെയും ആരവത്തിൽ, മഹാത്മഗാന്ധിക്കും, പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റുവിനും ജയ് വിളിച്ചു തൈ നടുകയായിരുന്നു.
ഇപ്പോൾ നെടുംകുന്നത്തു നടക്കുന്ന പല രാഷ്ട്രീയ സാംസ്കാരിക, സാമൂഹിക സംഘടനകളുടെയും സ്വാതന്ത്ര്യദിനാഘോഷവും വിവിധ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനവും ഈ ആൽമരത്തിനു ചുവട്ടിലെ കൊടിമരത്തിൽ പതാക ഉയർത്തിയാണ് നടക്കുന്നത്.
മാർക്കറ്റിലെ സ്ഥലപരിമിതിയും ഇതര കാരണങ്ങളും പറഞ്ഞ് ഈ ആൽമരത്തിനു കോടാലിവയ്ക്കാൻ വന്നവരെ പിൻതലമുറ എതിർത്തു തോല്പിച്ച ചരിത്രവുമുണ്ട്. പതിവുപോലെ ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷവും പല സംഘടനകളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.